SPORTS
സെഞ്ചറിക്കു പിന്നാലെ അഭിഷേകിന്റെ ‘ധ്യാനം’: അത് ഹാളണ്ടിനെ അനുകരിച്ചതല്ല; കാരണം വ്യക്തമാക്കി താരം– വിഡിയോ

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയ ‘റണ്ണഭിഷേകത്തിൽ’ റെക്കോർഡുകൾ കടപുഴകി. 30 പന്തിൽ സെഞ്ചറി തികച്ച അഭിഷേക്, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി. സെഞ്ചറി നേട്ടത്തിനു പിന്നാലെ താരത്തിന്റെ ആഘോഷപ്രകടനവും ശ്രദ്ധ പിടിച്ചുപറ്റി. അഭിഷേകിന്റെ ആഘോഷരീതിയും താരത്തിന്റെ മെന്ററായ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും തമ്മിലുള്ള ഒരു ബന്ധവും ആരാധകർ കണ്ടെത്തി. ഇരുവരും സമാനമായ രീതിയിൽ ധ്യാനത്തിൽ ഇരിക്കുന്ന ഒരു പഴയ ചിത്രം വീണ്ടും പ്രചരിക്കുകയും ചെയ്തു. അഭിഷേകിന്റെ വളർച്ചയിൽ യുവരാജ് വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. തന്റെ കരിയറിനെ വഴിനടത്തിയതിന് യുവരാജിനോടുള്ള കടപ്പാട് അഭിഷേക് പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. ‘‘കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഇത് ചെയ്യുന്നുണ്ട്. ഞാൻ മെഡിറ്റേഷനിലും മാനിഫെസ്റ്റേഷനിലും ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാരണം വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാകും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ മനസ്സിനെ എങ്ങനെ സ്ഥിരതയുള്ളതാക്കി നിർത്താം? ധ്യാനം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ആറോ എട്ടോ മാസമായി ഇത് എന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് മറ്റേതെങ്കിലും ക്രിക്കറ്റർ കണ്ട് മനസ്സിലാക്കട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ആഘോഷിച്ചത്, ഇതാണ് എന്നെ ശാന്തനായി നിലനിർത്തുന്നത്.’’– അഭിഷേക് പറഞ്ഞു.
Auto ⏭️


