SPORTS
ബീസ്റ്റ് മോഡ്! 25 സിക്സ്, 15 ഫോർ; 91 പന്തിൽ 233 റൺസ് അടിച്ചുകൂട്ടി അഭിഷേക് ശർമ; ടീമിന് കൂറ്റൻ ടോട്ടൽ– വിഡിയോ

അമൃത്സർ ∙ ഒരു അവസരം കിട്ടിയിപ്പോൾ അതങ്ങ് മുതലാക്കി; അയർലൻഡിനും ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തിളങ്ങാൻ സാധിക്കാതിരുന്നതിന്റെ കേട് അഭിഷേക് ശർമ തീർത്തത് സ്വന്തം നാട്ടിലാണ്. പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന മത്സരത്തിലാണ് ഇന്ത്യൻ താരം നിറഞ്ഞാടിയത്. അമൃത്സർ സീനിയർ ടീമിന് വേണ്ടി കളിച്ച അഭിഷേക്, തരൺ തരൻ ടീമിനെതിരെ 91 പന്തുകളിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25 സിക്സറുകളുടെയും 15 ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനം. സ്ട്രൈക്ക് റേറ്റ് 256.04. രാജ്യാന്തര ട്വന്റി20യിൽ ഒന്നാം സ്ഥാനത്തായിരുന്ന അഭിഷേക് ശർമ, മൂന്നാം സ്ഥാനത്തേയ്ക്കു വീണിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‍വെ പര്യടനങ്ങളിൽ താരത്തിന് തിളങ്ങാൻ സാധിച്ചില്ല. സിംബാബ്‌വെ പരമ്പരയിൽ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 3.66 ശരാശരിയിൽ വെറും 11 റൺസ് മാത്രമേ അഭിഷേകിന് നേടാനായുള്ളൂ. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 26.2 ശരാശരിയിൽ 131 റൺസും അയർലൻഡിനെതിരെ രണ്ടു മത്സരങ്ങളിൽനിന്ന് 24.5 ശരാശരിയിൽ 49 റൺസും നേടി. അവസാന 10 ട്വന്റി20 ഇന്നിങ്സുകളിൽ ഒരു അർധസെഞ്ചറി മാത്രമാണ് താരം നേടിയത്.
Auto ⏭️


