സംസ്ഥാനത്ത് മഴ ശക്തം; തിങ്കളാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലാണ് നാളെ (ഓഗസ്റ്റ് 3 ) അവധി. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുന്നു. വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ, തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴി ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. മദ്ധ്യ രാജസ്ഥാനുമുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഓഗസ്റ്റ് ആറുവരെ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
മഞ്ഞ അലർട്ട്
02/08/2026: തിരുവനന്തപുരം, കൊല്ലം
03/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
06/08/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
RELATED TOPICS: KERALA RAIN, SCHOOL HOLIDAY KERALA, HEAVY RAIN ALERT, KERALA EDUCATION NEWS, DISTRICT HOLIDAY KERALA
Read News ⏭️


