NEWS
തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല, നഷ്ടമായത് 65,000 രൂപ

കൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ് വെഡ്ഡിങ്സ് ആൻഡ് ഇവന്റ്സ്’ സ്ഥാപനമാണ് പരാതിക്കാർ. ഉദയം കേറ്ററിങ് ആവശ്യപ്പെട്ട പ്രകാരം വിവാഹത്തിനുള്ള സ്റ്റേജ് അലങ്കാരങ്ങളാണ് റോയൽ ചെയ്തത്. എന്നാൽ ഇതിന്റെ പണം നൽകാതെ ഉദയം ഉടമ വിഷ്ണു മോഹൻ മുങ്ങിയെന്നും പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ലെന്നും റോയൽ ഈവ് വെഡ്ഡിങ്സ് ആൻഡ് ഇവന്റ്സിന്റെ ഉടമ വിഷ്ണു വിജയ് മനോരമ ഓൺലൈനോടു പറഞ്ഞു.‘‘മേയ് 10 ന് ഉദയം കേറ്റേഴ്സ് ഉടമ വിഷ്ണു, എന്റെ സുഹൃത്തും സിൽക്ക ഇവന്റ്സിന്റെ ഉടമയുമായ ശരണിനെ വിളിച്ച് അവരുടെ ഒരു കല്യാണ വർക്ക് ഏറ്റെടുത്ത് ചെയ്യാമോ എന്നു ചോദിച്ചു. തങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടെന്നും അതുകൊണ്ട് ഏറ്റെടുത്ത പരിപാടി ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു വിശദീകരണം. സിൽക്ക ഇവന്റ്സിന് മറ്റൊരു പരിപാടി ചെയ്യാനുണ്ടായിരുന്നതിനാൽ ശരൺ അത് എന്നെ ഏൽപിച്ചു. ശക്തികുളങ്ങരയിലെ പള്ളിയുടെ ഹാളിലായിരുന്നു പരിപാടി. സ്റ്റേജിലെയും പള്ളിയിലെയും അലങ്കാരങ്ങളായിരുന്നു ചെയ്തുകൊടുക്കേണ്ടിയിരുന്നത്. വിഷ്ണുവുമായി സംസാരിച്ച് ഞങ്ങൾ കാര്യങ്ങൾ ഉറപ്പിച്ചു. അന്ന് അഡ്വാൻസ് ആവശ്യപ്പെട്ടെങ്കിലും തന്നില്ല. പിറ്റേന്നു വിളിച്ചിട്ടു പറഞ്ഞു, വണ്ടി അപകടത്തിൽപ്പെട്ട് ഉദയം കേറ്റേഴ്സിലെ ജീവനക്കാരെല്ലാം ആശുപത്രിയിൽ ആണെന്നും സാമ്പത്തിക ഞെരുക്കമുള്ളതിനാൽ മുഴുവൻ പൈസ പരിപാടി കഴിയുമ്പോൾ തരാമെന്നും പറഞ്ഞ് 10,000 രൂപ അഡ്വാൻസ് നൽകി. അത് സമ്മതിച്ച് ഞങ്ങൾ അലങ്കാരങ്ങൾ ചെയ്തു. പരിപാടിക്കുശേഷം വിഷ്ണുവിനെ വിളിച്ചപ്പോഴും ഉടനെ തരാം, വണ്ടി പണയം വച്ച് പൈസ തരാം എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.വിവാഹ ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹൻ ഇന്നലെ കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ഈ മാസം 13 ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹ ചടങ്ങുകൾക്കാണ് ഇയാൾ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത്. കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് വിഷ്ണു മോഹനെ കസ്റ്റഡിയിലെടുത്തത്. 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം, സ്റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കുമായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു.
Fashion ⏭️


