കേസ് വിവരങ്ങൾ വാട്സാപ്പിലൂടെ പ്രതിക്ക് ചോർത്തി നൽകി: എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പിന് മുതിര്‍ന്ന കേസിലെ പ്രതിക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പാലാരിവട്ടം എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനിയാണ് എസ്.എച്ച്.ഒ മഞ്ജിത്ത് ലാലിനെ ഔദ്യോഗിക പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
ഈ മാസം രണ്ടാം തീയതി അങ്കമാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വ്യാജ ഇ.ഡി നോട്ടീസ് കേസിലെ മുഖ്യപ്രതിയായ പ്രവാസി വ്യവസായിയും കേരള പ്രവാസി അസോസിയേഷൻ ചെയർമാനുമായ കോഴിക്കോട് മാവൂർ സ്വദേശി രാജേന്ദ്രന് അന്വേഷണത്തിന്റെ വിവരങ്ങൾ കൈമാറിയതാണ് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. കേസിൽ പ്രതിയായ രാജേന്ദ്രനെ കഴിഞ്ഞ 12-ാം തീയതി റൂറൽ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയിരുന്നു.
ബൈജൂസ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ അമേരിക്കൻ കമ്പനിക്കെതിരെ രാജേന്ദ്രൻ ഒക്ടോബർ മാസത്തിൽ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 20-ന് കേസ് ഫയൽ ചെയ്തതോടെയാണ് എസ്.എച്ച്.ഒയും രാജേന്ദ്രനും തമ്മിൽ പരിചയത്തിലാകുന്നത്.




