NEWS

വിവാഹിതനാണെന്ന് മറച്ചുവെച്ച് യുവതിയുമായി ലിവ് ഇൻ ബന്ധം: മൂന്നുതവണ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, 35 ലക്ഷം രൂപ തട്ടി

ഗുരുഗ്രാം∙ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയായ യുവതിയെ സഹപ്രവർത്തകനായ ലിവ്-ഇൻ പങ്കാളി ക്രൂരമായി വഞ്ചിക്കുകയും, ഭീഷണിപ്പെടുത്തി 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഭിവാനി സ്വദേശിനിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കി പോലീസിനെ സമീപിച്ചത്. ഗുരുഗ്രാമിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന ഇവർ, 2023-ൽ സഹപ്രവർത്തകനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും സെക്ടർ 9-ലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസം തുടങ്ങി. പീഡനമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതിനുശേഷമാണ് താൻ വിവാഹിതനാണെന്ന സത്യം യുവാവ് യുവതിയോട് വെളിപ്പെടുത്തിയത്. എന്നാൽ, തന്റെ വിവാഹമോചന നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണെന്നും വൈകാതെ വിവാഹബന്ധം വേർപെടുത്തി ഇവരെ വിവാഹം കഴിക്കാമെന്നും പറഞ്ഞ് പ്രതി യുവതിയെ വിശ്വസിപ്പിച്ചു. 2025 ജൂലൈയിൽ യുവതി ഗർഭിണിയായ വിവരം അറിഞ്ഞതോടെ, പ്രതി നിർബന്ധപൂർവ്വം മരുന്നുകൾ നൽകി ഗർഭച്ഛിദ്രം നടത്തിച്ചു. പിന്നീട് ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലും യുവതി ഗർഭിണിയായെങ്കിലും, ഓരോ തവണയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇയാൾ വിധേയയാക്കിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനിടയിൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയുടെ കൈവശമുണ്ടായിരുന്ന 35 ലക്ഷം രൂപയോളം ഇയാൾ തട്ടിയെടുക്കുകയും ചെയ്തു.

Fashion ⏭️

Back to top button