ബംഗ്ലാദേശിൽ രാഷ്ട്രീയ അക്രമം; ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ 30 വീടുകൾക്ക് തീയിട്ടു

ധാക്ക∙ ബംഗ്ലദേശിലെ നരായിൽ ജില്ലയിൽ അരങ്ങേറിയ രൂക്ഷമായ രാഷ്ട്രീയ സംഘർഷത്തിൽ, അവാമി ലീഗ് നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും മുപ്പതോളം വീടുകൾ അക്രമികൾ തീവെച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബന്ദർചർ ഗ്രാമത്തിലാണ് ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകർ അഴിഞ്ഞാടിയത്.
മുൻ അവാമി ലീഗ് എംപിയായ കബീറുൽ ഹഖ് മുക്തി, കാലിയ മുനിസിപ്പാലിറ്റിയുടെ മുൻ മേയർ മുഷ്ഫിഖർ റഹ്മാൻ ലിറ്റോൻ എന്നിവരുടെ വസതികൾക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. പ്രദേശത്തെ നിരവധി കടകളും അക്രമികൾ തകർത്തതായി പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 18-ന് ബിഎൻപി സംഘടിപ്പിച്ച ബൈക്ക് റാലിക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ പ്രതികാര നടപടിയാണ് ഇപ്പോൾ ഉണ്ടായ അക്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പബ്ന ജില്ലയിലെ ബേര മുനിസിപ്പാലിറ്റിയിലും ബിഎൻപി – അവാമി ലീഗ് പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




