മെക്സിക്കൻ ലഹരിമാഫിയ തലവൻ എൽ ചാപോ ഇസിഡ്രോ പിടിയിൽ

മെക്സിക്കോ സിറ്റി∙ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്തു പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്ന കുപ്രസിദ്ധ ലഹരിമാഫിയ തലവൻ ഫൗസ്റ്റോ ഇസിഡ്രോ മെസ ഫ്ലോറസ് (44) ഒടുവിൽ മെക്സിക്കൻ സൈന്യത്തിന്റെ പിടിയിലായി. ‘എൽ ചാപ്പോ ഇസിഡ്രോ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാൾ മെസ ഫ്ലോറസ് ഓർഗനൈസേഷൻ അഥവാ ഗ്വാസാവെ കാർട്ടലിന്റെ മുഖ്യ സൂത്രധാരനാണ്.
സിനലോവയിലെ ഗ്വാസാവെയിൽ വെള്ളിയാഴ്ച അരങ്ങേറിയ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഈ ലഹരി മാഫിയാ തലവനെയും വിശ്വസ്തനായ അനുയായിയെയും സൈന്യം കീഴ്പ്പെടുത്തിയത്. സൈനിക നടപടിക്കിടെയുണ്ടായ സംഘർഷത്തിൽ ആകെ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ നാല് മെക്സിക്കൻ സൈനികരും ബാക്കിയുള്ളവർ കാർട്ടലിലെ അംഗങ്ങളുമാണ്. കൂടാതെ, ഇസിഡ്രോയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ഭാര്യാസഹോദരനെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ സൈനിക നീക്കം നഗരത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. സംഘർഷം വ്യാപിച്ചതോടെ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങൾ അക്രമികൾ അഗ്നിക്കിരയാക്കി. യുഎസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർണ്ണായക സഹായത്തോടെയാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. സിനലോവയുടെ മറ്റൊരു ‘ചാപ്പോ’ ആയാണ് ഇസിഡ്രോ അറിയപ്പെടുന്നത്.




