NEWS

ആമ്പൽ പൂവ് പറിക്കുന്നതിനിടെ ആറ്റിൽ മുങ്ങി അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: സഹോദരിക്കൊപ്പം കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ പത്തു വയസ്സുകാരി മുങ്ങിമരിച്ചു. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാട്ടുചിറയിൽ വിനോദ്-സിനി ദമ്പതികളുടെ മകൾ കെ.വി. ദേവപ്രിയയാണ് ദാരുണമായി മരണപ്പെട്ടത്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നത്.

വീടിനടുത്തുള്ള കടവിൽ ചേച്ചി ദേവനന്ദയോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ദേവപ്രിയ. ഇതിനിടയിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടയിൽ ആറ്റിലെ ആമ്പൽപ്പൂവ് പറിക്കാൻ ശ്രമിക്കവേ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ദേവപ്രിയ വെള്ളത്തിൽ താഴ്ന്നുപോയത് കണ്ട് ഭയന്നുപോയ സഹോദരി ഉച്ചത്തിൽ നിലവിളിച്ചു.

നിലവിളികേട്ട് ഉടൻതന്നെ സ്ഥലത്തെത്തിയ അമ്മ സിനി, മകളെ രക്ഷപ്പെടുത്താൻ കയർ എറിഞ്ഞുകൊടുത്ത് പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ആറ്റിലിറങ്ങി വ്യാപകമായ തിരച്ചിൽ നടത്തി ദേവപ്രിയയെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കുട്ടിക്ക് ജീവൻ തിരിച്ചുനൽകാനായില്ല.

Fashion ⏭️

Back to top button