മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി

അഹമ്മദാബാദിൽ വെച്ച് മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയ വിശേഷം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പങ്കുവെച്ചു. വളരെ ഹൃദ്യമായൊരു അനുഭവമായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അമൃതാനന്ദമയീമഠം കാഴ്ചവെക്കുന്ന മികച്ച സേവനങ്ങളെയും കരുണാർദ്രമായ ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദാനി പ്രത്യേകം എടുത്തുപറഞ്ഞു.
ഈ സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട്, മാതാ അമൃതാനന്ദമയിയുടെ നിരുപാധികമായ സ്നേഹത്തെയും മാനുഷിക സേവനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും അദാനി പ്രകീർത്തിച്ചു. കേവലം വ്യക്തിപരമായ ഇടപെടലുകൾക്കപ്പുറം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലൂടെ ഒരു അമ്മയുടെ കരുതൽ സമൂഹമാകെ പകർന്നു നൽകാൻ അവർക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മൾ സ്വയം അനുഭവിക്കുന്ന സ്നേഹത്തിലല്ല, മറിച്ച് നമ്മുടെ പ്രവൃത്തികളിലൂടെ മാറ്റം വരുത്താൻ സാധിക്കുന്ന ജീവിതങ്ങളിലാണ് സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥം കുടികൊള്ളുന്നതെന്ന് അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദാനി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.




