HEALTH

മലപ്പുറത്തും കോഴിക്കോടും ഷിഗെല്ല ബാധ: ആറുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലാണ് മൂന്ന് പേർക്ക് അണുബാധ കണ്ടെത്തിയത്. അമരംബലത്തുള്ള സ്ഥാപനത്തിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുള്ള പെൺകുട്ടിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്നും മന്തി കഴിച്ച രണ്ടുപേർക്കുമാണ് രോഗം ബാധിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുപത്തിമൂന്നോളം പേർ നിരീക്ഷണത്തിലാണ്. ഇതിൽ ചിലരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗബാധിതരുള്ള വീടുകളിലും പരിസരങ്ങളിലും ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ നടപടികൾ പൂർത്തിയാക്കി.

കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ എസ്.ബി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കും ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ആദ്യഘട്ടത്തിൽ ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സമ്പർക്ക പരിശോധനയിലാണ് ഇന്നലെ രണ്ടുപേർക്ക് കൂടി അണുബാധയുണ്ടെന്ന് കണ്ടെത്തിയത്. സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. സ്കൂളിന് പരിസരത്തുള്ള ഏകദേശം 290 ഓളം വീടുകളിലെ കിണറുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്.

എന്താണ് ഷിഗെല്ല?

മലിനമായ ജലത്തിലൂടെയും ശുചിത്വമില്ലാത്തതും പഴകിയതുമായ ഭക്ഷണത്തിലൂടെയും പകരുന്ന ഒരുതരം ബാക്ടീരിയൽ അണുബാധയാണിത്. ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്ന ഷിഗെല്ല, കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് പെട്ടെന്ന് ഗുരുതരമായി മാറുന്നത്. തീവ്രമായ വയറിളക്കം (രക്തം കലർന്നതാകാം), കടുത്ത പനി, ഛർദ്ദി, വയറുവേദന, അതീവ ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, പഴകിയതോ മൂടിവെക്കാത്തതോ ആയ ആഹാരങ്ങൾ ഒഴിവാക്കുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകുന്നു.

Life Style ⏭️

Back to top button