കാലടി സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രകാശ് രാജ്; സവർക്കർ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി താരം

കൊച്ചി ∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം പരിഗണിക്കാതെ, അധികൃതർക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത നടൻ പ്രകാശ് രാജ് രംഗത്ത്. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ തയാറാകാതെ, സർവകലാശാലാ ഭരണകൂടത്തിന്റെ പക്ഷം പിടിക്കുന്ന നിലപാടാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർക്കാരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ നടക്കുന്ന ‘ജന്തർമന്തർ @ കൊച്ചി’ എന്ന പരിപാടിയിൽ സിജെപി നേതാവ് അഭിജിത് ദീപ്കെയ്ക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സമരപ്പന്തലിലെത്തി വിദ്യാർഥികളെ നേരിൽ കണ്ട ശേഷമാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.
വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിദ്യാർഥികൾക്ക് പിന്തുണ നൽകേണ്ട സ്ഥാനത്ത് എന്തിനാണ് സർവകലാശാലയെ അനുകൂലിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. വിദ്യാർഥികളോട് മാപ്പുപറയണമെന്നും സമാധാന ബോണ്ട് ഒപ്പിട്ടു നൽകണമെന്നുമുള്ള സർവകലാശാലയുടെ ആവശ്യത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തങ്ങളുടെ മൗലികാവകാശങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയാണ് വിദ്യാർഥികൾ പൊരുതുന്നതെന്നും, പ്രതിഷേധിച്ചതിന് മാപ്പ് പറയാൻ അവർ സവർക്കർമാരല്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയക്കുന്ന രീതി ഏകാധിപത്യത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




