NEWS

ഗ്രീൻ കാർഡ് വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; 21 വയസ്സുകാരിയുടെ വെളിപ്പെടുത്തൽ

വാഷിങ്ടൻ ∙ ടെക്സസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) തടങ്കൽ കേന്ദ്രത്തിൽ വെച്ച് ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും, വഴങ്ങിക്കൊടുത്താൽ ഗ്രീൻ കാർഡ് വാഗ്ദാനം ചെയ്തതായും 21 വയസ്സുകാരിയായ ലബനീസ് യുവതിയുടെ പരാതി. എന്നാൽ യുവതിയുടെ ആരോപണങ്ങളെ പൂർണമായി തള്ളിക്കളയുകയാണ് അമേരിക്കൻ അധികൃതർ ചെയ്തിരിക്കുന്നത്.

ലൂസി വൈസ് എന്ന പേരിൽ അറിയപ്പെടുന്ന റഹഫ് അലി അൽമെർഹിജ് ആണ് തനിക്കുണ്ടായ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്. റെയ്മണ്ട്‌വില്ലിലെ എൽ വാലെ ഡിറ്റൻഷൻ ഫെസിലിറ്റിയിലെ ജീവനക്കാരനായ മാർക്കെൽ വാലസ് തന്നെ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. താനുമായുള്ള ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ ഭർത്താവിനെ ജയിലിലാക്കുമെന്നും നാടുകടത്തുമെന്നും ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി ‘ന്യൂസ്‌വീക്കിന്’ നൽകിയ അഭിമുഖത്തിൽ അവർ തുറന്നുപറഞ്ഞു.

തനിക്ക് ഗ്രീൻ കാർഡ് ശരിയാക്കിത്തരാമെന്ന് അയാൾ ഉറപ്പുനൽകി. ഭർത്താവ് പ്രായമുള്ള ആളായതിനാൽ അദ്ദേഹത്തിന് തന്നെ സഹായിക്കാൻ കഴിയില്ലെന്നും, തനിക്ക് മാത്രമേ അതിന് സാധിക്കൂ എന്നും ഉദ്യോഗസ്ഥൻ നിരന്തരം പ്രേരിപ്പിച്ചിരുന്നതായി അൽമെർഹിജ് വ്യക്തമാക്കി.

എന്നാൽ, ഐസിഇയുടെ മാതൃ ഏജൻസിയായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന വാദം അവാസ്തവമാണെന്ന് ഡിഎച്ച്എസ് വക്താവ് അറിയിച്ചു. ഇത്തരം വിഷയങ്ങളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ സമീപിക്കാറുള്ളതെന്നും, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

Fashion ⏭️

Back to top button