ഹോർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിൽ ടാങ്കറിൽ സ്ഫോടനം: രണ്ട് ദശലക്ഷം ബാരൽ ഇന്ധനവുമായി അപകടം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് നാവിക മൈനിൽ തട്ടി രണ്ട് ദശലക്ഷം ബാരലിലേറെ ക്രൂഡ് ഓയിൽ കൊണ്ടുപോവുകയായിരുന്ന കൂറ്റൻ ടാങ്കർ മുങ്ങിപ്പോയതായി വാർത്തകൾ പുറത്തുവരുന്നു. കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള അതീവ സുരക്ഷാ മേഖലയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കവേ രണ്ട് എണ്ണക്കപ്പലുകൾ മൈനുകളിൽ ഇടിക്കുകയും, പിന്നാലെ വൻ സ്ഫോടനവും തീപിടുത്തവും ഉണ്ടാവുകയും ചെയ്തെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെടുന്നു. തകർന്ന കപ്പലുകളിൽ ഒന്ന് ഈ സൂപ്പർ ടാങ്കറാണെന്നാണ് റിപ്പോർട്ട്. എങ്കിലും, ഇറാൻ ഉന്നയിച്ച ഈ വാദം സ്വതന്ത്ര സ്രോതസ്സുകളിലൂടെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഏത് രാജ്യത്തിന്റെ പതാകയേന്തിയ കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്നോ അവയുടെ വിവരങ്ങളോ പുറത്തുവിടാൻ ഐആർജിസി തയ്യാറായിട്ടില്ല.
അതേസമയം, ഗൾഫ് മേഖലയിൽ മറ്റൊരു ടാങ്കറിനു കൂടി ആക്രമണം നേരിട്ടതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) വെളിപ്പെടുത്തി. ഇന്ത്യൻ ഷിപ്പിങ് അതോറിറ്റിയിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, കപ്പലിനു സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സമുദ്ര പരിസ്ഥിതിയിലുണ്ടാകാൻ സാധ്യതയുള്ള ആഘാതങ്ങളോ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇറാൻ റിപ്പോർട്ട് ചെയ്ത അപകടങ്ങളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.




