ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ; ഗിന്നസ് റെക്കോർഡ് നേട്ടവുമായി യുവതി

വാഷിങ്ടൻ ∙ പ്രശസ്തമായ ഒരു കാർട്ടൂൺ കഥാപാത്രത്തെ ശരീരത്തിൽ ഏറ്റവും കൂടുതൽ തവണ ടാറ്റൂ ചെയ്തതിലൂടെ അമേരിക്കൻ യുവതി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. നോർത്ത് കരോലിനയിലെ ഫയെറ്റ്‌വില്ലെ സ്വദേശിനിയായ ആൻഡ്രിയ ഷ്മിഡ് ടിമ്മൻസ് ആണ് 83 മിക്കി മൗസ് ടാറ്റൂകൾ പതിപ്പിച്ച് ഈ അത്യപൂർവ നേട്ടം സ്വന്തമാക്കിയത്. ഡിസ്നിയുടെ പ്രിയങ്കരനായ മിക്കി മൗസിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആൻഡ്രിയയെ ഈ ആഗോള അംഗീകാരത്തിലേക്ക് നയിച്ചത്.
1967-ൽ ജർമനിയിലെ ഉൽമിലാണ് ആൻഡ്രിയ ജനിച്ചത്. 1973-ൽ ആറാം വയസ്സിൽ അമ്മയോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ശേഷമാണ് ടെലിവിഷൻ ദൃശ്യങ്ങളിലൂടെ മിക്കി മൗസിനെ അവർ ആദ്യമായി പരിചയപ്പെടുന്നത്. മിക്കിയുടെ സ്നേഹനിർഭരമായ പെരുമാറ്റവും സന്തോഷം പകരുന്ന സ്വഭാവരീതികളും ആൻഡ്രിയയുടെ മനസ്സിൽ ഇടംപിടിച്ചു. പിന്നീട് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ഡിസ്നിലാൻഡിന്റെ ലോകത്തും മിക്കി മൗസ് സാന്നിധ്യമറിയിച്ചതോടെ, ആ കഥാപാത്രം ആൻഡ്രിയയുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരംശമായി മാറുകയായിരുന്നു.




