എൽപിഎസ്ടി സമരം: മുഖ്യമന്ത്രിയുടെ ഇടപെടൽ, ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് സമരസമിതി

തിരുവനന്തപുരം∙ എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ നടത്തിവരുന്ന സമരത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കഴിഞ്ഞ ഇരുപത്തിരണ്ട് ദിവസങ്ങളായി നിരാഹാരമനുഷ്ഠിക്കുന്ന സമരസമിതി നേതാവ് വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. വളർമതിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്, പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്താമെന്ന് സമരനേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയത്.
അതേസമയം, സർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ചകളിൽ തൃപ്തികരമായ തീരുമാനമുണ്ടായാൽ മാത്രമേ നിരാഹാര സമരം പിൻവലിക്കൂ എന്ന ഉറച്ച നിലപാടിലാണ് സമരപ്പന്തലിലുള്ള ഉദ്യോഗാർഥികൾ. നിലവിൽ ജനറൽ ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന വളർമതിയും ഇക്കാര്യം ആവർത്തിച്ചു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് വളർമതിയെ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറണമെന്ന് ഇവർ നിർദേശിച്ചെങ്കിലും അത് സ്വീകരിക്കാൻ വളർമതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കലക്ടറും ഇന്ന് ആശുപത്രിയിലെത്തി ഇവരുമായി സംസാരിച്ചിരുന്നു.




