NEWS

വീട്ടിൽ വിളിച്ചുവരുത്തി പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: യുവതിയും മകനും സുഹൃത്തുക്കളും അറസ്റ്റിൽ

കൊച്ചി ഇടപ്പള്ളിയിൽ പതിനേഴുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാற்பതുകാരി പിടിയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ, ഇവരുടെ പതിനാറുകാരനായ മകൻ, ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് പാലക്കാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി, മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം അരങ്ങേറിയത്. ഇൻസ്റ്റാഗ്രാം സന്ദേശങ്ങളെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസം പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീയും മകനും ചേർന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചത്. നേരത്തെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അയൽക്കാരായിരുന്ന കാലത്താണ് കുട്ടികൾ തമ്മിൽ സൗഹൃദത്തിലായത്. പിന്നീട് താമസസ്ഥലം മാറിയെങ്കിലും ഓൺലൈൻ ഗെയിം കളിക്കാൻ പതിനേഴുകാരന്റെ പേരിൽ തയ്യാറാക്കിയ പൊതുവായ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടർന്നും ഉപയോഗിച്ചിരുന്നു. ഇതിനിടെ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും, വീട്ടുടമ ഇടപെട്ട് സ്ത്രീയെയും സംഘത്തെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അടുത്തിടെ പതിനേഴുകാരൻ പുതിയ ഫോൺ വാങ്ങിയപ്പോൾ, നേരത്തെയുണ്ടായിരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദിച്ചതിലുള്ള വൈരാഗ്യവും, തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണവുമാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് പ്രതികളുടെ മൊഴി. വിദേശത്താണ് 40കാരിയുടെ ഭർത്താവ്.

സംഭവം നടന്ന ദിവസം, കൂടെ വന്ന സുഹൃത്തിനെ പുറത്തുനിർത്തിയ ശേഷം പതിനേഴുകാരനെ മാത്രമാണ് ഇവർ വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്. ആദ്യം 40കാരി ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ മറ്റ് കുട്ടികളും ചേർന്ന് മർദ്ദിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ തിരിച്ചയച്ചത്. എന്നാൽ ശനിയാഴ്ചയോടെ മൂത്രത്തിലൂടെ രക്തം പുറത്തുവന്നതോടെ കുട്ടി വീട്ടുകാരിൽ വിവരമറിയിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നുള്ള വിവരമനുസരിച്ചാണ് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് ഇന്നലെ രാവിലെ യുവതിയെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുത്തത്. കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Sports ⏭️

Read News ⏭️

Back to top button