HEALTH

ആരോഗ്യകരമായ ആയുസ്സിലേക്ക് ഒമാൻ: 2030-ലേക്കുള്ള പുതിയ കുതിപ്പ്

മസ്കത്ത്: ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടവുമായി ഒമാൻ മുന്നേറുന്നു. അസുഖങ്ങളോ ശാരീരികമായ അവശതകളോ അലട്ടാതെ ഒരാൾക്ക് ജീവിതം ആസ്വദിക്കാൻ സാധിക്കുന്ന കാലയളവിനെയാണ് ആരോഗ്യപൂർണമായ ആയുർദൈർഘ്യം എന്ന് വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒമാനിലെ ആരോഗ്യപൂർണമായ ശരാശരി ആയുർദൈർഘ്യം 68.2 വർഷമായി വർധിച്ചിരിക്കുകയാണ്. 2021-ൽ ഇത് 63.2 വർഷമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വെറും രണ്ടു വർഷത്തെ ഇടവേളയ്ക്കുള്ളിൽ അഞ്ച് വർഷത്തിന്റെ അവിശ്വസനീയമായ കുതിപ്പാണ് ഈ രംഗത്ത് രാജ്യം കൈവരിച്ചത്.

‘ഒമാൻ വിഷൻ 2040’-ന്റെ ഭാഗമായി, 2030-ഓടെ ആരോഗ്യപൂർണ ആയുർദൈർഘ്യം 67 വർഷമായി ഉയർത്തണമെന്നതായിരുന്നു ഭരണകൂടം നിശ്ചയിച്ചിരുന്ന ലക്ഷ്യം. എന്നാൽ, നിശ്ചയിച്ചിരുന്ന സമയപരിധിക്കും മുൻപേ ഈ നേട്ടം സ്വന്തമാക്കാൻ ഒമാന് സാധിച്ചു. 2040-ഓടെ ഇത് 70 വർഷത്തിലെത്തിക്കുക എന്നതാണ് രാജ്യത്തിന്റെ അടുത്ത കർമപദ്ധതി. നിലവിൽ ആഗോള ശരാശരിയായ 62.8 വർഷത്തേക്കാൾ 5.4 വർഷം കൂടുതലാണ് ഒമാനിലെ നിരക്ക്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ശരാശരിയായ 60.4 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 7.8 വർഷത്തിന്റെ അധിക മുന്നേറ്റവും രാജ്യം കാഴ്ചവെക്കുന്നു.

രോഗപ്രതിരോധ നടപടികൾ, കൃത്യമായ രോഗനിർണയം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, രോഗമുക്തി നേടിയവർക്കുള്ള പുനരധിവാസ പരിപാടികൾ എന്നിവയിലെ മികവാണ് ഒമാന്റെ ഈ നേട്ടത്തിന് അടിത്തറ പാകിയത്. ആരോഗ്യകരമായ ജീവിതരീതികളെ ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുന്നതിനും ഒമാൻ ഭരണകൂടം നൽകുന്ന അതീവ ശ്രദ്ധയും ഈ നേട്ടത്തിൽ നിർണായക പങ്കുവഹിക്കുന്നു.

Life Style ⏭️

Back to top button