അഭിരാമിനെ അറിയില്ല, നിരപരാധിയാണ്: മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഉമർ

തിരുവനന്തപുരം∙ പാങ്ങപ്പാറയിൽ വിദ്യാർഥിയായ അഭിരാം വധിക്കപ്പെട്ട സംഭവത്തിൽ തെളിവെടുപ്പിനിടെ വികാരാധീനനായി രണ്ടാം പ്രതി ഉമർ. താൻ നിരപരാധിയാണെന്നും അഭിരാമിനെ തനിക്ക് പരിചയമില്ലെന്നും മാധ്യമപ്രവർത്തകർക്കു മുന്നിൽ ഉമർ പൊട്ടിക്കരഞ്ഞു. ‘‘എനിക്ക് അവനെ അറിയില്ല. ഒരു തെറ്റും ചെയ്യാതെയാണ് എന്നെ ഇതിൽ കുടുക്കിയിരിക്കുന്നത്. സംഭവദിവസം ഞാൻ അവിടെയെത്തിയിട്ടില്ല. വെറുതെ എന്നെ പ്രതിയാക്കുകയായിരുന്നു,’’ ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു ഉമറിന്റെ വിലാപം. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഉമറിനെയും മൂന്നാം പ്രതിയായ മണക്കാട് സ്വദേശി ആനന്ദയെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെയായിരുന്നു തെളിവെടുപ്പ്.
പതിനേഴുകാരനായ ഒന്നാം പ്രതി, ഉമറിന്റെ സഹായത്തോടെയാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ആദ്യം ഉമറിന്റെ വസതിയിൽ പരിശോധന നടത്തിയ ശേഷം, കൊലപാതകം നടന്ന സ്ഥലത്തേക്ക് പ്രതികളെ എത്തിക്കുകയായിരുന്നു. ഈ കേസിൽ ഉമറിന്റെ കാമുകിയും ആക്കുളം സ്വദേശിനിയുമായ ഐശ്വര്യയും പ്രതിപ്പട്ടികയിലുണ്ട്. ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




