കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസാക്കുന്നു; പുതിയ വാടകവീട്ടിലേക്ക് മാറി പിണറായി വിജയൻ

കന്റോൺമെന്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ നീണ്ടുപോകുമെന്ന് ഉറപ്പായതോടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസസ്ഥലം മാറാൻ ഒരുങ്ങുന്നു. നിലവിൽ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ താമസിക്കുന്ന അദ്ദേഹം, ഇടപ്പഴഞ്ഞിയിലേക്ക് താമസം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. കന്റോൺമെന്റ് ഹൗസ് ഭാവിയിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക ഓഫീസായി മാത്രം ഉപയോഗിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
ഇടപ്പഴഞ്ഞിയിൽ നിന്ന് ജഗതിയിലേക്കുള്ള വഴിയിൽ, ജഗതി സ്കൂളിന് സമീപമുള്ള ഈശ്വരവിലാസം റോഡിലെ 138-ാം നമ്പർ വീട്ടിലേക്കാണ് അദ്ദേഹം മാറുന്നത്. നിലവിൽ ഈ വീട്ടിൽ ആവശ്യമായ ക്രമീകരണങ്ങളും അറ്റകുറ്റപ്പണികളും നടന്നുവരികയാണ്.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കുമെന്ന് കരുതിയായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറിയത്. എന്നാൽ, നിർമ്മാണ ജോലികൾക്കിടയിൽ ഉണ്ടായ വലിയ തീപിടിത്തം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളും അന്ന് കത്തിനശിച്ചിരുന്നു. അടുത്തിടെ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനൊപ്പം പിണറായി വിജയൻ ഈ കെട്ടിടം നേരിട്ട് സന്ദർശിച്ചിരുന്നു.
നവീകരണം പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് സൗകര്യക്കുറവുകൾ പരിഗണിച്ച് പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്. നിലവിലെ വീട്ടിൽ മലിനജല സംസ്കരണത്തിലടക്കം പല പരിമിതികളും ഉണ്ടായിരുന്നു. ഒരു മാസത്തേക്ക് മാത്രമുള്ള ക്രമീകരണങ്ങൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്.
ഇടപ്പഴഞ്ഞിയിലെ പുതിയ വീടിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചുറ്റുമതിലിന്റെ ഉയരം കൂട്ടുന്ന ജോലികൾ നടക്കുന്നുണ്ട്. ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഈ വീട് റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പിണറായി വിജയനും കുടുംബവും ഇവിടേക്ക് താമസം മാറും. കന്റോൺമെന്റ് ഹൗസ് പൂർണ്ണ സജ്ജമായാലും തൽക്കാലം ഈ വാടക വീട്ടിൽ തന്നെ തുടരാനാണ് സാധ്യത. ബേക്കറി ജംഗ്ഷനിലെ വീട്ടിൽ വെച്ചാണ് മകൾ വീണ ടി.യുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണവും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും നടന്നത്.




