CINEMA

സന്ദീപ് പ്രദീപിന്റെ തകർപ്പൻ ഡാൻസ് പ്രകടനം

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം നിർവഹിക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ലെ ‘ഉലകമേ നോക്ക്’ എന്നു തുടങ്ങുന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവന്നു. സിബി മാത്യു അലക്സ് ഈണം പകർന്ന ഈ ഗാനത്തിന് വരികൾ കുറിച്ചത് ശബരീഷ് വർമ്മയാണ്. കെ.എസ്. ഹരിശങ്കറിന്റെ മനോഹരമായ ആലാപനത്തിനൊപ്പം സന്ദീപ് പ്രദീപിന്റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളും ഗാനരംഗത്തെ ആകർഷകമാക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.

‘ജോൺ ലൂതർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിജിത് ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ഒരു സൂപ്പർഹീറോ പശ്ചാത്തലത്തിലുള്ള സിനിമയാണോ ഇതെന്ന ആകാംക്ഷ ഇതിനകം തന്നെ ടീസറിലൂടെ പ്രേക്ഷകരിൽ നിറയ്ക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. നവംബർ 27-ന് ചിത്രം തിയേറ്ററുകളിലെത്തും. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവർക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിജിത് ജോസഫും അഭികേർഷ് വസന്തും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

‘മിന്നൽ മുരളി’ക്ക് ശേഷം പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദാണ് (സൗണ്ട് ഫാക്ടർ) ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനോ ടി എബ്രഹാമാണ്. പി.ആർ.ഒ – ശബരി.

Business ⏭️

Back to top button