NEWS

ജനസേവനത്തിന് മുൻഗണന: സ്വാമി വിശുദ്ധാനന്ദ

ശിവഗിരി: ജാതി-മത ചിന്തകൾക്ക് അതീതമായി ശിവഗിരി മഠത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന വിശ്വാസി സമൂഹത്തോട് പൂർണ്ണമായ പ്രതിബദ്ധതയോടെയാകും പുതിയ ഭരണസമിതിയുടെ പ്രവർത്തനമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ വ്യക്തമാക്കി.

മനുഷ്യജീവിതത്തിന് ഭൗതികവും ആത്മീയവുമായ ഉന്നമനം ഉറപ്പാക്കുകയെന്നത് ശ്രീനാരായണ ഗുരുദേവൻ ഏൽപ്പിച്ച ഉദാത്തമായ ദൗത്യമാണ്. ആ പാതയിൽ ഉറച്ചുനിന്നുകൊണ്ട് പരമാവധി മികച്ച സേവനം കാഴ്ചവെക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ലോകം മുഴുവൻ ആകാംക്ഷയോടെ നോക്കിക്കാണുന്നത് മാനവികതയുടെ ആധുനിക പ്രവാചകനായ ഗുരുദേവന്റെ ദർശനങ്ങളിലേക്കാണ്. ഗുരുവിന്റെ തത്ത്വങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കുന്നതിൽ മാറിമാറിവന്ന സംസ്ഥാന സർക്കാരുകളും നിലവിലെ കേന്ദ്ര സർക്കാരും ക്രിയാത്മകമായ പങ്കുവഹിക്കുന്നുണ്ട്. ഈ പിന്തുണ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു.

1928 ജനുവരി ഒൻപതാം തീയതിയാണ് ഗുരുദേവൻ ശ്രീനാരായണ ധർമ്മസംഘത്തിന് രൂപം നൽകിയത്. അന്നു മുതൽ വളരെ ചിട്ടയാർന്ന രീതിയിലാണ് ഈ പ്രസ്ഥാനം മുന്നോട്ടുപോയത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഉണ്ടായ പ്രതിസന്ധികളെക്കുറിച്ചും നമുക്കെല്ലാം അറിവുള്ളതാണ്. അവയെയെല്ലാം അതിജീവിച്ച് പൂർവ്വാധികം പ്രൗഢിയോടെ ധർമ്മസംഘം തലയുയർത്തി നിൽക്കുന്നു. ധർമ്മത്തെ സംരക്ഷിക്കാനുള്ള ചുമതല തന്റെ ശിഷ്യപരമ്പരയെയാണ് ഗുരുദേവൻ ഏൽപ്പിച്ചിരുന്നത്. ആ വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. ഭരണപരമായ കാര്യങ്ങൾ പൂർണ്ണമായും ധർമ്മസംഘം ട്രസ്റ്റ് ബോർഡ് നിർവഹിക്കുമെന്നും സ്വാമി വിശുദ്ധാനന്ദ കൂട്ടിച്ചേർത്തു.

Sports ⏭️

Read News ⏭️

Back to top button