CINEMA

ഭൗമ: സാഗർ സൂര്യയും രേവതി ശർമ്മയും ഒന്നിക്കുന്ന ആദ്യ ഗാനം പുറത്തിറങ്ങി

സിദ്ധ് ശ്രീറാമിന്റെ മനോഹരമായ ആലാപനത്തിൽ ‘ഭൗമ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘പാറും പാരാകെ…’ പുറത്തിറങ്ങി. ഈ മനോഹരമായ ഗാനരംഗത്ത് സാഗർ സൂര്യയും രേവതി ശർമ്മയുമാണ് വേഷമിട്ടിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണം പകർന്നിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റെജിൻ എസ് ബാബുവിന്റെ കഥയിലും സംവിധാനത്തിലുമാണ് ഒരുങ്ങുന്നത്. ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും കഥാപാത്രങ്ങളുടെ പോസ്റ്ററുകളും ഇതിനോടകം തന്നെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘പെൻഡുല’ത്തിന് ശേഷം റെജിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ശരൺ വേലായുധനാണ്. സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ജയദേവൻ ചക്കാടത്താണ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഭാവന റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Business ⏭️

Back to top button