NEWS

ബെംഗളൂരു കൂട്ടക്കൊല: കൊലപാതകങ്ങൾക്ക് സാക്ഷിയായ 11കാരനെ കാറിൽ തടഞ്ഞുവെച്ചു; പ്രതി ക്രൈംമാസിക ഉടമ

ബെംഗളൂരുവിൽ ഏഴുപേരുടെ ദാരുണമായ കൊലപാതകത്തിന് കാരണമായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുടുംബപ്രശ്നങ്ങളെത്തുടർന്നു ടാക്സി ഡ്രൈവറായ ഇന്ദുശേഖർ സ്വന്തം കുടുംബത്തിലെ ഏഴുപേരെയാണ് കൊലപ്പെടുത്തിയത്. ഈ കൃത്യത്തിൽ നിന്ന് പ്രതിയുടെ 17 വയസ്സുള്ള മകളെയും ഭാര്യ സഹോദരന്റെ 11 വയസ്സുള്ള മകനെയും ഇയാൾ ഒഴിവാക്കിയിരുന്നു.

ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലായാണ് കൊലപാതക പരമ്പര നടന്നത്. ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, മാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുള്ള മകൻ പുനീത് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സുനിത തുടർച്ചയായി സ്വന്തം വീട്ടിലേക്ക് പോകുന്നതും, പ്രശ്നങ്ങളുണ്ടാകുമ്പോൾ ഭാര്യാവീട്ടുകാർ സുനിതയ്ക്ക് പിന്തുണ നൽകുന്നതും ഇന്ദുശേഖറിൽ കടുത്ത പകയുണ്ടാക്കിയെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

രാജാജി നഗറിൽ താമസിക്കുന്ന ഇന്ദുശേഖർ ‘താനവരതി’ എന്ന ക്രൈം മാസികയുടെ ഉടമ കൂടിയാണ്. നളിനിയെ കാണാനില്ലെന്ന് അവരുടെ അമ്മ തുംഗമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഈ കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ആദ്യം സുനിതയെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. അരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ വിനോദയാത്ര പോയതാണെന്ന് അയൽവാസികളെ വിശ്വസിപ്പിച്ച ഇയാൾ, അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വിരുന്നു വിളിച്ചുവരുത്തി ഓരോരുത്തരെയായി കൊലപ്പെടുത്തുകയായിരുന്നു. ഈ കൃത്യത്തിൽ തന്റെ 17 വയസ്സുള്ള മകളുടെ സഹായം തേടിയതായും പൊലീസ് വെളിപ്പെടുത്തി. കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ സ്വന്തം കാറിൽ കയറ്റി ഷിറാഡി ചുരം, മൈസൂരുവിലെ ചാമുണ്ഡി ഹിൽസ്, സേലത്തിന് സമീപമുള്ള ഏർക്കാട് ചുരം എന്നിവിടങ്ങളിലായി പലതവണയായി കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

Fashion ⏭️

Back to top button