ഇൻഷുറൻസ് തട്ടിപ്പിനായി വ്യാജ വാഹനാപകടം: എസ്.ഐയ്ക്കെതിരെ വിചാരണ

തിരുവനന്തപുരം: ഇൻഷ്വറൻസ് തുക കൈക്കലാക്കുന്നതിനായി വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ച കേസിൽ മുൻ എസ്.ഐയെ വിചാരണ ചെയ്യാൻ സർക്കാർ പച്ചക്കൊടി കാട്ടി. തിരുവനന്തപുരം ട്രാഫിക് വിഭാഗത്തിൽ എസ്.ഐ ആയിരുന്ന സി.ആർ. സനൽ കുമാറിനെതിരെയാണ് നടപടി. ബൈക്ക് തെന്നിവീണ സാധാരണ സംഭവത്തെ, വാഹനം ഇടിച്ചശേഷം നിർത്താതെ പോയ ‘ഹിറ്റ് ആൻഡ് റൺ’ കേസാക്കി മാറ്റിയതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. ഡി.ജി.പി രവിചന്ദ്രൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് വിചാരണയ്ക്ക് അനുമതി നൽകുകയായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയാണ് സനൽ.
2018 മാർച്ച് 24-നാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. റിയാസ് എന്ന വ്യക്തിയുമായി ചേർന്ന് സനൽ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇത്. കെ.എൽ-01 ബി.സി 9793 എന്ന ബൈക്ക്, ശംഖുംമുഖം-വിമാനത്താവളം റോഡിലൂടെ നടന്നുപോവുകയായിരുന്ന റിയാസിനെ (33) ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് വാഹനം നിർത്താതെ കടന്നുകളഞ്ഞു എന്നും സനൽ വ്യാജമായി വരുത്തിതീർത്തു. തുടർന്ന്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരാളുടെ ഒ.പി ടിക്കറ്റ് സ്വന്തമാക്കുകയും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒപ്പ് വ്യാജമായി നിർമിച്ച് ചികിത്സാ രേഖകൾ ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറുകയുമായിരുന്നു. കൈമുട്ടുകൾക്കും കാൽമുട്ടുകൾക്കും പരിക്കേറ്റെന്നും വിരലുകളിലെ അസ്ഥികൾ ഒടിഞ്ഞെന്നും കാണിച്ച് വ്യാജരേഖകളാണ് ഇയാൾ ഹാജരാക്കിയത്. എന്നാൽ ഇൻഷ്വറൻസ് കമ്പനി നടത്തിയ സ്വതന്ത്ര പരിശോധനയിൽ സംഭവം വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിന് എസ്.ഐ.ടി
സൈക്കിളിൽ നിന്ന് വീണതും തലയിൽ തേങ്ങ വീണതുമടക്കമുള്ള നിസ്സാര സംഭവങ്ങളെ വാഹനാപകടങ്ങളാക്കി മാറ്റി ഇൻഷ്വറൻസ് തുക തട്ടുന്ന സംഘങ്ങളെ അമർച്ച ചെയ്യാൻ എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് മാത്രം അമ്പത് കോടിയിലധികം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ അമ്പതോളം കേസുകളാണ് നിലവിലുള്ളത്.
പോലീസുദ്യോഗസ്ഥർ, അഭിഭാഷകർ, ഇടനിലക്കാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരടങ്ങുന്ന വലിയൊരു ശൃംഖലയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ളതെന്നാണ് വിവരം.




