പെരുമ്പാവൂർ മൂന്നുവയസ്സുകാരന്റെ മരണം: തലയ്ക്കേറ്റ ഗുരുതര പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മൊഹേശ്വർ, ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടം
കൊച്ചി: പെരുമ്പാവൂരിൽ മൂന്നുവയസുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ നിർണായകമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്കുണ്ടായ ഗുരുതരമായ പരിക്കാണ് കുഞ്ഞിന്റെ ജീവൻ അപഹരിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, ഉയരത്തിൽ നിന്ന് വീണതിനെത്തുടർന്നുണ്ടായ പരിക്കല്ല ഇതെന്നും മറിച്ച് തല ഭിത്തിയിൽ ശക്തമായി ഇടിച്ചതുമൂലമാണ് മരണം സംഭവിച്ചതെന്നും സൂചിപ്പിക്കുന്നു.
ഈ സംഭവത്തിൽ പൊലീസിന്റെ പിടിയിലായ രണ്ടാനച്ഛൻ കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകി. കുട്ടി ബഹളമുണ്ടാക്കുമ്പോൾ രണ്ടാനച്ഛനായ മൊഹേശ്വർ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും, എന്നാൽ കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുന്നത് താൻ കണ്ടിട്ടില്ലെന്നും അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. വീടിന്റെ മുകൾഭാഗത്ത് നിന്ന് വീണ് പരിക്കേറ്റുവെന്ന വ്യാജേനയാണ് മൊഹേശ്വർ കുട്ടിയുമായി രാവിലെ ആശുപത്രിയിലെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ വേളയിലാണ് കുട്ടിയുടെ മുഖത്ത് രക്തം കട്ടപിടിച്ച പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. കെട്ടിടത്തിന് മുകളിൽ നിന്ന് വീണപ്പോൾ പറ്റിയ പരിക്കാണെന്ന് ഇയാൾ വാദിച്ചെങ്കിലും, സംശയം തോന്നിയ പൊലീസ് പരിസരവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന അയൽവാസികളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ നിയമനടപടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.




