രാത്രി ജോലി കാൻസറിന് വഴിയൊരുക്കുമോ? പകൽ ഉറക്കത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പഠനങ്ങളിൽ

രാത്രിസമയങ്ങളിൽ ജോലി ചെയ്യുന്നത് നമ്മുടെ ഉറക്കത്തെ തകിടം മറിക്കുക മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവികമായ ജൈവതാളത്തെ (Biological Clock) ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഉറക്കവും ഉണർവും കൃത്യമായ സമയക്രമത്തിലല്ലാതാകുന്നത് സ്തനാർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പിടിപെടാൻ കാരണമായേക്കാമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. രാത്രിയിലെ കൃത്രിമ പ്രകാശവും ഉറക്കത്തിലെ താളംതെറ്റലും ശരീരത്തിലെ ഹോർമോൺ ഉൽപ്പാദനത്തെയും കോശങ്ങളുടെ സാധാരണ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2019-ൽ നടത്തിയ പഠനത്തിൽ, നൈറ്റ് ഷിഫ്റ്റ് ജോലിയെ കാൻസർ സാധ്യതയുള്ള ഘടകങ്ങളുടെ ‘ഗ്രൂപ്പ് 2A’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. മനുഷ്യരിലെ സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ-മലാശയ കാൻസറുകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണശാലകളിലെ മൃഗങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയായിരുന്നു ഈ റിപ്പോർട്ട്. എന്നിരുന്നാലും, രാത്രിജോലി ചെയ്യുന്ന എല്ലാവരിലും കാൻസർ ഉണ്ടാകുമെന്ന് ഇതിനർഥമില്ല.
മനുഷ്യശരീരത്തിലെ 24 മണിക്കൂർ ജൈവചക്രം അഥവാ സർക്കാഡിയൻ റിഥം ആണ് നമ്മുടെ വിശപ്പ്, താപനില, ഹോർമോൺ നിയന്ത്രണം, ഉറക്കം-ഉണർവ് എന്നിവ നിർണയിക്കുന്നത്. പകൽ വെളിച്ചവും രാത്രിയിലെ ഇരുട്ടും അനുസരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. രാത്രിയിൽ ജോലി ചെയ്യുമ്പോൾ പകൽ ഉറങ്ങേണ്ടി വരുന്നത് ഈ ജൈവക്രമത്തെ താറുമാറാക്കുന്നു. പ്രത്യേകിച്ച്, രാത്രി വൈകി ഉറങ്ങുന്നത് മെലറ്റോണിൻ ഹോർമോണിന്റെ അളവ് കുറയ്ക്കാനും ശരീരത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുത്താനും ഇടയാക്കും.
ഉറക്കത്തെ ക്രമീകരിക്കുന്നതിനപ്പുറം, ശരീരത്തിന്റെ പ്രതിരോധശേഷിയെയും കോശവളർച്ചയെയും സ്വാധീനിക്കുന്നതിൽ മെലറ്റോണിന് വലിയ പങ്കുണ്ട്. ഈ ഹോർമോണിന്റെ ഉൽപ്പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാൻസർ സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളിലും ലാബ് പരീക്ഷണങ്ങളിലും നടത്തിയ പഠനങ്ങളിൽ, രാത്രിയിലെ പ്രകാശവും ഉറക്കമില്ലായ്മയും കോശങ്ങളുടെ സ്വാഭാവിക നിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
എല്ലാ നൈറ്റ് ഷിഫ്റ്റ് ജീവനക്കാരിലും ഒരേ തോതിലല്ല അപകടസാധ്യതയുള്ളത്. ദീർഘകാലം രാത്രിജോലി ചെയ്യുന്നവരും ആഴ്ചയിൽ പല രാത്രികളിൽ ജോലി ചെയ്യുന്നവരും ജൈവഘടികാരത്തിന്റെ തകരാറുകൾക്ക് കൂടുതൽ വിധേയരാകുന്നു. അർധരാത്രി മുതൽ പുലർച്ചെ അഞ്ചുമണി വരെ തുടർച്ചയായി മൂന്നു മണിക്കൂറെങ്കിലും ജോലി ചെയ്യുക, ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രി ഷിഫ്റ്റുകളിൽ ഏർപ്പെടുക, പത്തുവർഷത്തിലധികം നീളുന്ന നൈറ്റ് ഡ്യൂട്ടി എന്നിവയാണ് കാൻസർ സാധ്യതയുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രാത്രിജോലി ഒഴിവാക്കാൻ സാധിക്കാത്തവർക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. തുടർച്ചയായ നൈറ്റ് ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കുക, ഷിഫ്റ്റുകൾക്കിടയിൽ കൃത്യമായ വിശ്രമം ഉറപ്പാക്കുക, പകൽ ഉറങ്ങുമ്പോൾ മുറിയിൽ ഇരുട്ടും നിശബ്ദതയും ഉറപ്പാക്കുക, സ്ഥിരമായ ഒരു ഉറക്കക്രമം പിന്തുടരുക എന്നിവ ഏറെ പ്രധാനമാണ്. ജോലി കഴിഞ്ഞ് ഉറങ്ങാൻ പോകുന്നതിന് മുൻപ് അമിതപ്രകാശം ഒഴിവാക്കുന്നതും ഗുണകരമാണ്. എങ്കിലും, ഇത്തരം മുൻകരുതലുകൾ കൊണ്ട് മാത്രം കാൻസർ സാധ്യത പൂർണ്ണമായും ഒഴിവാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ല.




