260 യുഎസ് വിമാനങ്ങൾ തകർത്ത ഇറാൻ; ഭൂമിക്കടിയിൽ മിസൈൽ നഗരങ്ങളുമായി തിരിച്ചടിക്ക് ഒരുങ്ങി ടെഹ്‌റാൻ

ടെഹ്റാൻ: അമേരിക്കയുമായി നിലനിൽക്കുന്ന കടുത്ത നയതന്ത്ര, സൈനിക സംഘർഷങ്ങൾക്കിടെ, ശത്രുരാജ്യത്തിന്റെ 260 വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതായി ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി വെളിപ്പെടുത്തി. എഫ്-35, എഫ്-16, എഫ്-5, എഫ്-18 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളും ആർക്യു-4, എംക്യു-1 വിഭാഗത്തിൽപ്പെട്ട ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
യുഎസുമായുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ പ്രധാനപ്പെട്ട മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങളെല്ലാം അതീവ സുരക്ഷിതമായ ഭൂഗർഭ അറകളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. വെറും മിസൈൽ സൂക്ഷിപ്പു കേന്ദ്രങ്ങൾ മാത്രമല്ല, ഭൂമിക്കടിയിൽ വിശാലമായ ‘മിസൈൽ ഉൽപ്പാദന നഗരങ്ങൾ’ തന്നെ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഭാവിയിൽ ഒരു യുദ്ധസാഹചര്യം ഉടലെടുക്കുകയാണെങ്കിൽ, ഇറാൻ സൈന്യത്തിന്റെ നവീനമായ ശേഷി കണ്ട് ലോകം അമ്പരക്കും. ഞങ്ങളുടെ യഥാർത്ഥ കരുത്ത് എന്താണെന്ന് ശത്രുക്കൾ വൈകാതെ തിരിച്ചറിയും,” എന്നും മൊഹെബ്ബി മുന്നറിയിപ്പ് നൽകി.




