NEWS

അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം അവസാനിപ്പിച്ച് ബാങ്ക് അൽഫല; താലിബാൻ-പാക്കിസ്ഥാൻ ബന്ധത്തിൽ വിള്ളൽ

കറാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്ക് അൽഫല അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ സേവനങ്ങൾ പൂർണ്ണമായി നിർത്തിവെച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (പിഎസ്എക്സ്) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നീണ്ട രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങൾക്കൊടുവിലാണ് ബാങ്ക് അൽഫല (ബിഎഎഫ്എൽ) അഫ്ഗാനിലെ വിപണിയിൽ നിന്ന് പിൻവാങ്ങുന്നത്. പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും കേന്ദ്ര ബാങ്കുകളുടെ അനുമതി വാങ്ങിയ ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബാങ്ക് അധികൃതർ വിശദീകരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഗസ്നഫർ ബാങ്ക്, ബാങ്ക് അൽഫലയുടെ നിലവിലെ ആസ്തികളും ബാങ്കിംഗ് പ്രവർത്തനങ്ങളും ഏറ്റെടുക്കും.

2005-ൽ കബൂളിൽ തങ്ങളുടെ ശാഖ തുറന്നുകൊണ്ട് പ്രവർത്തനം തുടങ്ങിയ ബാങ്ക് അൽഫല, ഇസ്ലാമിക് ബാങ്കിംഗ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. എന്നാൽ സമീപകാലത്തായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഭീകരാക്രമണങ്ങളും അതിർത്തിയിലെ സംഘർഷങ്ങളും കാരണം കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തകർച്ചയിലാണ്. തർക്കങ്ങളെ തുടർന്ന് അതിർത്തികൾ അടച്ചിട്ടതോടെ വാണിജ്യ ഇടപാടുകൾ പൂർണ്ണമായും നിലച്ചു.

അതിർത്തി പൂട്ടിയ നടപടി അഫ്ഗാൻ വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കി. പാക്കിസ്ഥാനിലേക്കോ അല്ലെങ്കിൽ പാക്കിസ്ഥാൻ തുറമുഖങ്ങൾ വഴി മറ്റ് വിദേശ രാജ്യങ്ങളിലേക്കോ ചരക്കുകൾ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനിടെ, കറാച്ചി തുറമുഖത്ത് ദീർഘകാലമായി കെട്ടിക്കിടന്ന അഫ്ഗാൻ ചരക്കുകൾ പാക്ക് കസ്റ്റംസ് അധികൃതർ ലേലത്തിൽ വിറ്റെന്ന വാർത്തകൾ അഫ്ഗാനിസ്ഥാനെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു.

തുടർന്ന് അഫ്ഗാൻ വ്യാപാരികൾ തങ്ങളുടെ കയറ്റുമതി-ഇറക്കുമതി ബിസിനസ്സുകൾ കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. വിദേശ വ്യാപാരത്തിനായി ഇറാനിയൻ തുറമുഖങ്ങളെ ആശ്രയിക്കാനും അവർ താല്പര്യപ്പെടുന്നു. നേരത്തെ അഫ്ഗാനിസ്ഥാൻ വഴിയുള്ള പാത ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാരം നടത്തിയിരുന്നത്. ഇപ്പോൾ അതിർത്തികൾ അടഞ്ഞത് പാക്കിസ്ഥാന്റെ ഈ മേഖലയിലെ വാണിജ്യ അവസരങ്ങളെയും വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.

Fashion ⏭️

Back to top button