NEWS

ഭാര്യയുടെ ശരീരപ്രകൃതിയെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ പങ്കുവെച്ചതിനെത്തുടർന്ന് കുടുംബവഴക്ക്

യൂട്ടാ: ഭാര്യയുടെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്ന റിയാലിറ്റി ഷോ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് ഭാര്യയും സഹതാരവുമായ ജെൻ അഫ്ലെക്ക് (27). ഈ മാസം മൂന്നാം തീയതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് ജെൻ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏഴു വർഷം നീണ്ട ദാമ്പത്യജീവിതത്തിനിടയിൽ പല ഘട്ടങ്ങളിലായി സാക്കിൽ നിന്ന് തനിക്ക് മോശം പെരുമാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജെൻ വെളിപ്പെടുത്തുന്നു.

താൻ പ്രസവിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്താണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് ജെൻ പറയുന്നത്. അടുക്കളയിലെ ജോലികളിൽ ഏർപ്പെടുമ്പോൾ ജെൻ അഫ്ലെക്കിന്റെ ശരീരത്തെ പരിഹസിച്ചുകൊണ്ട് സാക് സംസാരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. വിഡിയോ പുറത്തായതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സാക് രംഗത്തെത്തി. താൻ ഉപയോഗിച്ച വാക്കുകൾ വളരെ മോശമായിരുന്നുവെന്നും അത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

2022-ൽ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്ന് വ്യക്തമാക്കിയ സാക്, വിഡിയോ കണ്ടപ്പോൾ താൻ തന്നെയാണോ ഇത്തരമൊരു കാര്യം പറഞ്ഞതെന്ന് ഓർത്ത് ഞെട്ടിപ്പോയെന്നും കൂട്ടിച്ചേർത്തു. നേരത്തെയും പലപ്പോഴും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ആ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മാറാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018-ൽ ‘മ്യൂച്വൽ’ എന്ന മോർമൺ ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2019-ന്റെ ആദ്യ മാസങ്ങളിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇവർ അതേ വർഷം തന്നെ വിവാഹിതരായി. നോറ (5), ലൂക്ക (3), പെനലോപ്പ് (1) എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ.

Fashion ⏭️

Back to top button