ട്രെയിനിൽ നിന്ന് കാൽവഴുതി വീണു: സ്റ്റിൽ ഫൊട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത സിനിമാ സ്റ്റിൽ ഫൊട്ടോഗ്രാഫർ കൊല്ലം മോഹൻ (73) ട്രെയിനിൽനിന്ന് വീണുണ്ടായ അപകടത്തിൽ അന്തരിച്ചു. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് വൈകുന്നേരത്തോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കുടുംബാംഗങ്ങളോടൊപ്പം മാർത്താണ്ഡത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് കാൽവഴുതി അപകടം സംഭവിച്ചത്.
നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൊല്ലം മണലിൽ ക്ഷേത്രത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
മാർത്താണ്ഡം അഴകുവിളാകം വീട്ടിൽ പരേതരായ ശങ്കര നാരായണ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനൻ നായർ എന്ന കൊല്ലം മോഹൻ. രുഗ്മിണീ ദേവിയാണ് ഭാര്യ. രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത് എന്നിവരാണ് മക്കൾ. മനോഹരൻ, ശ്രീനിവാസൻ, രവീന്ദ്രൻ, മണികണ്ഠൻ എന്നിവരും പരേതരായ വേലായുധൻ നായർ, വത്സലയമ്മ, ലീല എന്നിവരുമാണ് സഹോദരങ്ങൾ.
മലയാള സിനിമയിൽ ഏറെ ശ്രദ്ധേയമായ മതിലുകൾ, മുഖാമുഖം, സ്നേഹപൂർവം മീര, ബലൂൺ, കലിക, രാധ എന്ന പെൺകുട്ടി തുടങ്ങിയ ഒട്ടനവധി ചലച്ചിത്രങ്ങളിൽ സ്റ്റിൽ ഫൊട്ടോഗ്രാഫറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.




