അഭിരാം കൊലക്കേസ്: കൃത്യസ്ഥലത്തെ മണ്ണ് പ്രതിയുടെ വസ്ത്രത്തിൽ കണ്ടെത്തി; ശാസ്ത്രീയ തെളിവുകൾ നിർണായകം

തിരുവനന്തപുരം ശ്രീകാര്യത്തെ പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വിനയാകുന്ന നിർണായക ശാസ്ത്രീയ തെളിവുകൾ പോലീസിന് ലഭിച്ചു. സംഭവസമയം ഒന്നാം പ്രതിയും രണ്ടാം പ്രതിയും കൃത്യസ്ഥലത്ത് സന്നിഹിതരായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ ഉതകുന്ന തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്നത്.
കൊലപാതകം നടന്ന പ്രദേശത്തെ മണ്ണും സസ്യജാലങ്ങളുടെ അവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് വിദഗ്ധർ ശേഖരിച്ചിരുന്നു. ഇതിനു സമാനമായ അംശങ്ങൾ ഒന്നാം പ്രതിയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാന്റ്‌സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തത്. മൽപിടുത്തത്തിനിടെ പ്രതി ധരിച്ചിരുന്ന പാന്റ്‌സിൽ പറ്റിപ്പിടിച്ച നിലയിലുള്ള മണ്ണും ഇലകളും ചെടികളുടെ പൂക്കളും പരിശോധനയിൽ സ്ഥിരീകരിച്ചു. ഇന്നലെ സംഭവസ്ഥലത്ത് വീണ്ടും നടത്തിയ പരിശോധനയിലും അന്വേഷണ സംഘത്തിന് നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈ കേസിൽ രണ്ടാം പ്രതിയായ ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. പ്രതികൾ കൃത്യം നിർവഹിക്കുന്നതിന് മുൻപ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. സംഭവദിവസം സുഹൃത്തിനെ വിളിക്കാൻ അഭിരാമിനോട് പ്രതികൾ നിർബന്ധിച്ചിരുന്നു. എന്നാൽ സുഹൃത്ത് വരാൻ വിസമ്മതിച്ചപ്പോൾ വീണ്ടും വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും അഭിരാം അത് കൂട്ടാക്കിയില്ല. ഇതിനെത്തുടർന്ന് അവിടുന്ന് പോകാൻ ശ്രമിച്ച അഭിരാമിനെ ഉമർ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും, ഒന്നാം പ്രതി കഴുത്തിൽ ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.




