NEWS

ഇഡി വ്യാജ നോട്ടിസ്: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

കൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് ഉപയോഗിച്ച് വൻ തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരനെ ക്രൈംബ്രാഞ്ച് പിടികൂടി. കേരള പ്രവാസി അസോസിയേഷൻ ചെയർമാനും കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ താമസക്കാരനുമായ രാജേന്ദ്രനെയാണ് (54) എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തൃശൂർ ഈസ്റ്റ് ഫോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐസിസിഎസ്എൽ) സിഇഒ നൽകിയ പരാതിയിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഒക്ടോബർ 13-നാണ് ഐസിസിഎസ്എൽ കോർപറേറ്റ് ഓഫിസിലേക്ക് ഇ.ഡിയുടെ പേരിൽ തപാൽ വഴി ഒരു കത്ത് ലഭിക്കുന്നത്. ഡൽഹിയിലെ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ അരവിന്ദ് കുമാറിന്റെ ഒപ്പിട്ട വ്യാജ രേഖയിൽ, സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കാൻ നിർദേശിച്ചിരുന്നു. പിഎംഎൽഎ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസെന്ന വ്യാജേന, ഇ.ഡിയുടെ ഔദ്യോഗിക സീലും ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പും പതിപ്പിച്ചായിരുന്നു തട്ടിപ്പുകാർ ഈ കത്ത് തയാറാക്കിയത്. ഇതിൽ രണ്ട് മൊബൈൽ നമ്പറുകളും ബന്ധപ്പെടാനായി ഉൾപ്പെടുത്തിയിരുന്നു. തുടർന്ന്, നിയമനടപടികളിൽ നിന്ന് സൊസൈറ്റിയെ ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഫോൺ കോളുകളും വരികയുണ്ടായി.

ഈ വ്യാജ നോട്ടിസ് രാജേന്ദ്രൻ തന്റെ മൊബൈൽ ഫോണിൽ കാണിച്ചതോടെയാണ് തട്ടിപ്പിലെ പങ്ക് പുറത്തറിയുന്നത്. ഇതിനെത്തുടർന്ന് സൊസൈറ്റി അധികൃതർ നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Fashion ⏭️

Back to top button