NEWS

യുപി തിരഞ്ഞെടുപ്പ്: കോൺഗ്രസ്–എസ്പി തഴഞ്ഞതോടെ ഉവൈസി–ആസാദ് സഖ്യം; മുഖ്യമന്ത്രി സ്ഥാനാർഥി ചന്ദ്രശേഖർ ആസാദ്

ലക്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി നിർണായക രാഷ്ട്രീയ നീക്കവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി രംഗത്ത്. ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി കൈകോർത്തുകൊണ്ട് പുതിയ മുന്നണിക്ക് രൂപം നൽകിയിരിക്കുകയാണ് അദ്ദേഹം. ലക്നൗവിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ‘സമാജിക് പരിവർത്തൻ മോർച്ച’ (എസ്പിഎം) എന്ന പേരിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചത്. ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്ദ്രശേഖർ ആസാദിനെ മത്സരിപ്പിക്കുമെന്നും ഉവൈസി വ്യക്തമാക്കി.

ബിജെപിയുടെ തുടർച്ചയായ ഭരണത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പ്രധാന അജണ്ടയെന്ന് ഉവൈസി ഊന്നിപ്പറഞ്ഞു. ബിജെപി സർക്കാരുകൾക്ക് പിന്നാക്ക വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് ചന്ദ്രശേഖർ ആസാദും രൂക്ഷമായി വിമർശിച്ചു.

2022ലെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ, എഐഎംഐഎമ്മിനും എഎസ്പിക്കും അത്ര മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 95 സീറ്റുകളിൽ ജനവിധി തേടിയ എഐഎംഐഎമ്മിന് ലഭിച്ചത് വെറും 0.49 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. 100 ഇടങ്ങളിൽ മത്സരിച്ച ആസാദിന്റെ പാർട്ടിക്ക് 0.13 ശതമാനം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, 347 സീറ്റുകളിൽ മത്സരിച്ച സമാജ്‌വാദി പാർട്ടി (എസ്പി) 111 സീറ്റുകൾ സ്വന്തമാക്കുകയും 43.82 ശതമാനം വോട്ടുകൾ നേടുകയും ചെയ്തിരുന്നു. 399 സീറ്റുകളിൽ കൈവെച്ച കോൺഗ്രസിന് വെറും രണ്ട് സീറ്റുകളും 2.33 ശതമാനം വോട്ടുകളും മാത്രമാണ് ലഭിച്ചത്.

Fashion ⏭️

Back to top button