ജയം സ്വന്തമാക്കിയെങ്കിലും പാക്കിസ്ഥാൻ താരങ്ങളുടെ അബദ്ധം; ചിരി അടക്കാനാവാതെ ഇന്ത്യൻ താരങ്ങൾ: വിഡിയോ വൈറൽ

അൽ അമിറാത്ത് (ഒമാൻ)∙ അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ വിജയം സ്വന്തമാക്കിയെങ്കിലും, കളിക്കളത്തിൽ പാക്ക് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിയൊരുക്കി. ഇന്ത്യൻ ബാറ്റിങ്ങിനിടെ സംഭവിച്ച ഒരു അശ്രദ്ധയുടെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്.
ഇന്ത്യൻ ഇന്നിങ്സിന്റെ 48-ാം ഓവറിൽ, ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിൽ ടീം നിൽക്കുമ്പോഴായിരുന്നു നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. മുഹമ്മദ് സയ്യാം എറിഞ്ഞ പന്ത് നേരിട്ട കാവ്യ പട്ടേൽ, ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ബാറ്റിന്റെ മുകൾഭാഗത്ത് തട്ടി ഉയർന്നുപൊങ്ങി. പന്ത് കൈപ്പിടിയിലൊതുക്കാൻ ബൗളർ സയ്യാം, വിക്കറ്റ് കീപ്പർ ഹംസ സഹൂർ, ഫീൽഡർ ഉസ്മാൻ ഖാൻ എന്നിവർ ഒരേസമയം പന്തിനടുത്തേക്ക് കുതിച്ചെത്തി. എന്നാൽ, പരസ്പരമുള്ള ആശയക്കുഴപ്പം മൂലം ആരും പന്ത് പിടിച്ചെടുക്കാൻ ശ്രമിച്ചില്ല. ഒടുവിൽ പന്ത് ആരുമില്ലാത്ത സ്ഥലത്ത് സുരക്ഷിതമായി നിലംതൊട്ടു.
ഈ മത്സരത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്താൻ പാക്കിസ്ഥാന് സാധിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ, 48.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 108 പന്തുകളിൽ നിന്ന് പുറത്താവാതെ 100 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ തകർപ്പൻ സെഞ്ചറിയാണ് പാക്കിസ്ഥാന് വിജയത്തിന്റെ കരുത്തായത്. ടീമിന് ജയം സമ്മാനിച്ച റൺസിലൂടെ താരം തന്റെ സെഞ്ചറിയും പൂർത്തിയാക്കി. ഈ വിജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഈ മാസം 10-ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.




