സ്വാശ്രയ കോഴ്സുകൾക്ക് എൻഒസി ഒഴിവാക്കിയത് കാലതാമസം തടയാൻ: തീരുമാനത്തിൽ ഉറച്ച് മന്ത്രി

മാധ്യമങ്ങളോട് സംസാരിക്കുന്ന റോജി എം. ജോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതുതായി കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയും ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും’ (എൻ.ഒ.സി) ഒഴിവാക്കിയ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാഡമിക് സ്വയംഭരണം ഉറപ്പാക്കുന്നതിനും പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് നിലനിൽക്കുന്ന കാലതാമസം പരിഹരിക്കുന്നതിനുമാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ കേരളത്തിൽ മാത്രം തുടർന്നുവന്ന എൻ.ഒ.സി നിബന്ധന എടുത്തുമാറ്റുന്നത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതിക്ക് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വയംഭരണ കോളേജുകൾക്ക് സർക്കാർ അമിത ആനുകൂല്യങ്ങൾ നൽകുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ മന്ത്രി പൂർണ്ണമായും നിഷേധിച്ചു. ഇത് അടിസ്ഥാനരഹിതമായ വാദമാണെന്ന് അദ്ദേഹം തുറന്നടിച്ചു. വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുക എന്നതിനാണ് മുൻഗണന നൽകുന്നത്. അതേസമയം, സംവരണ നിയമങ്ങളിലോ മെരിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശന രീതിയിലോ ഒരുതരത്തിലുള്ള മാറ്റമോ അട്ടിമറിയോ സംഭവിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.




