NEWS
കാമുകിക്കൊപ്പം ആഡംബര ജീവിതം, വീട്ടില്‍നിന്ന് 50 ലക്ഷം മോഷ്ടിച്ച് യുവാവ്, പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് അച്ഛൻ!

ഗുവാഹത്തി∙ കാമുകിക്കൊപ്പം കറങ്ങാന്‍ വീട്ടിൽനിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗര്‍വാള്‍ (25) ആണ് അറസ്റ്റിലായത്. കാമുകിക്കൊപ്പം ആഡംബര ജീവിതവും സമ്മാനമായി ഐഫോണും മറ്റും മേടിച്ച് നല്‍കുന്നതിനായാണ് ഇയാൾ പണം ലോക്കറിൽനിന്ന് മോഷ്ടിച്ചതെന്നാണു പുറത്തു വരുന്ന വിവരം. ജോർഹത്തിലെ വീട്ടിൽനിന്ന് അഹമ്മദാബാദിലേക്കു കടന്നുകളഞ്ഞ പ്രതിയെ അച്ഛനാണു പിടികൂടി പൊലീസിനു കൈമാറിയത്.ഓഗസ്റ്റ് 11 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി അച്ഛന്റെ മുറിയിലുള്ള ലോക്കർ പൊളിച്ചു സ്വർണവും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനായി വെൽഡിങ് ജോലിക്കാരന്റെ സഹായവും തേടിയെന്നും മൊഴിയിൽ പറയുന്നു. സംഭവശേഷം കടന്നു കളഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്നാണു കണ്ടെത്തിയത്. ഈ സമയം യഷിനെ പിന്തുടർന്നെത്തിയ പിതാവ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Fashion ⏭️


