NEWS

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: മലപ്പുറം സ്വദേശിക്ക് ജീവപര്യന്തം തടവ്

കോഴിക്കോട് ∙ ഭാര്യയുടെ സ്വഭാവത്തിൽ സംശയിച്ചു വർഷങ്ങളോളം ക്രൂരമായി മർദിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ, മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താമസിക്കുന്ന താജുദ്ദീൻ (38) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ലാ ജഡ്ജി എൻ.ആർ. കൃഷ്ണകുമാർ ആണ് വിധി പ്രസ്താവിച്ചത്. ഒരു ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.

താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി. പിഴത്തുകയിൽ നിന്ന് 50,000 രൂപ ഇവർക്ക് രണ്ട് മക്കൾക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ പറയുന്നു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി ആറു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഈ കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. 2021 ഒക്ടോബർ എട്ടിനാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം റിമാൻഡിലായിരുന്ന താജുദ്ദീൻ ജയിലിലാണ്. പ്രതിയുടെ മാതാവും സഹോദരിയും എട്ടു വയസ്സുകാരിയായ സ്വന്തം മകളും ഇയാൾക്കെതിരായി കോടതിയിൽ മൊഴി നൽകിയിരുന്നു.

Fashion ⏭️

Back to top button