NEWS

വീട്ടമ്മയില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമം; ഫാനും ടിവിയും തകർത്തു, മോഷണം പോയത് മിഠായി മാത്രം

പാനൂർ ∙ വീട്ടമ്മ പുറത്തുപോയ തക്കം നോക്കി വീടിനുള്ളിൽ കടന്ന് അക്രമം അഴിച്ചുവിട്ടു. വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത അക്രമികൾ വരാന്തയിൽ വിസർജ്യവും ഉപേക്ഷിച്ചു. ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വസതിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

ഇന്നലെ ഉച്ചയോടെ വീട് പൂട്ടി പുറത്തുപോയതായിരുന്നു പുഷ്പലത. വൈകിട്ട് ആറുമണിയോടെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. മുറിയിലെ സീലിങ് ഫാനിന്റെ ചിറകുകൾ ഒടിച്ച നിലയിലും ടെലിവിഷൻ, മേശ, അടുക്കളയിലെ മിക്സി എന്നിവ മറിച്ചിട്ട അവസ്ഥയിലുമായിരുന്നു.

അതിക്രമം നടത്തിയവർ വീടിന്റെ വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പുഷ്പലത. സംഭവത്തിൽ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ എസ്ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Fashion ⏭️

Back to top button