കോട്ടയം–കൊല്ലം മെമു സമയമാറ്റം: യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം വേണമെന്ന് ഗസറ്റഡ് ഓഫിസേഴ്സ് സംഘ്

കോട്ടയം ∙ കൊല്ലം–കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളം വരെ നീട്ടാൻ തീരുമാനിച്ചതോടെ, കോട്ടയത്തേക്കുള്ള വരവിന്റെ സമയം മാറ്റിയത് ഒട്ടനവധി യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് സംഘ് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. സാധാരണക്കാർക്കും വിദ്യാർഥികൾക്കും ഒപ്പം സർക്കാർ ജീവനക്കാർക്കും ഏറെ പ്രയോജനകരമായിരുന്ന ഈ ട്രെയിനിന്റെ സമയക്രമം യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
എറണാകുളത്തുനിന്ന് പുറപ്പെട്ട് വൈകിട്ട് 6.45-ന് കോട്ടയത്ത് എത്തുന്ന രീതിയിലുള്ള പുതിയ സമയക്രമം നിലവിൽ ഈ ട്രെയിനിനെ പതിവായി ആശ്രയിക്കുന്നവരുടെ യാത്രാ സൗകര്യങ്ങളെ വല്ലാതെ ബാധിക്കും. ഉച്ചയ്ക്ക് 3.30-ന് കോട്ടയത്ത് എത്തുന്ന പരശുറാം എക്സ്പ്രസിന് ശേഷം, ജോലി കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഏറ്റവും അനുയോജ്യമായിരുന്നത് വൈകിട്ട് 5.40-ന് എത്തിയിരുന്ന മെമു സർവീസാണ്. 6.40-ന് കായംകുളത്ത് എത്തിയിരുന്ന മെമുവിൽ യാത്ര ചെയ്തിരുന്നവർക്ക്, ആലപ്പുഴ വഴി അതേസമയം അവിടെയെത്തുന്ന ഏറനാട് എക്സ്പ്രസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ സാധിക്കുമായിരുന്നു.




