NEWS
പ്രസിഡന്റിനെ ഭർത്താവെന്ന് വിളിച്ചു, 5 ദിവസം പ്രസ് സെക്രട്ടറി; ഒടുവിൽ കാറ്റി സക്കറിയ പുറത്ത്

വാഷിങ്ടൻ ∙ വ്യാജ യോഗ്യതാ വിവാദങ്ങളിലും മോശം പ്രകടനത്തിലും ഉലഞ്ഞ് ഒടുവിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പദവിയിൽ നിന്ന് പുറത്താക്കി. ഒക്ടോബർ 10ന് ചുമതലയേറ്റ കാറ്റിക്ക് വെറും അഞ്ച് ദിവസത്തെ ആയുസ്സ് മാത്രമേ പദവിയിൽ ലഭിച്ചുള്ളൂ. ഇതോടെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് 11 ദിവസം മാത്രം കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ആന്റണി സ്കരാമുച്ചിയുടെ റെക്കോർഡ് തകർത്ത്, വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനമനുഷ്ഠിച്ച പ്രസ് സെക്രട്ടറി എന്ന പേരുദോഷം കാറ്റിക്ക് സ്വന്തമായി. പദവിയിൽ നിന്ന് കാറ്റിയെ നീക്കിയതായും അവർക്ക് പുതിയ മറ്റൊരു ചുമതല നൽകുമെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചെങ് സ്ഥിരീകരിച്ചു.കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകയായിരുന്ന കാറ്റി സക്കറിയയെ പ്രസ് സെക്രട്ടറിയായി നിയമിച്ച വേളയിൽ ട്രംപ് അവരൊരു അഭിഭാഷകയാണെന്നാണ് വിശേഷിപ്പിച്ചത്. കാറ്റിയും മുൻപ് പല മാധ്യമ അഭിമുഖങ്ങളിലും താനൊരു അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നിയമനത്തിനു പിന്നാലെ ഇവർക്ക് യുഎസിലെ ഒരു സംസ്ഥാനത്തും വക്കീൽ പരീക്ഷ ജയിച്ച രേഖകളില്ലെന്ന് മാധ്യമങ്ങൾ കണ്ടെത്തി.കഴിഞ്ഞ ചൊവ്വാഴ്ച കാറ്റി നടത്തിയ ആദ്യ ഔദ്യോഗിക വാർത്താസമ്മേളനവും വലിയ ദുരന്തത്തിലാണ് കലാശിച്ചത്. 14 മിനിറ്റ് നീണ്ടുനിന്ന വാർത്താസമ്മേളനത്തിനിടെ അബദ്ധവശാൽ പ്രസിഡന്റിന്റെ അവർ ഭർത്താവ് എന്ന് അഭിസംബോധന ചെയ്തു. കൂടാതെ തങ്ങൾക്ക് അനുകൂല നിലപാടുള്ള മൂന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി അവർ പോഡിയത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇത് ട്രംപ് ക്യാംപിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെപ്പോലും ചൊടിപ്പിച്ചു.
Fashion ⏭️




