NEWS

ജി.എസ്.ടി വകുപ്പ് : സീനിയോറിറ്റി ലംഘിച്ച് പുന:സംഘടന

തിരുവനന്തപുരം: സീനിയോറിറ്റി പരിഗണിക്കാതെ സംസ്ഥാന ജി.എസ്.ടി വകുപ്പിൽ രണ്ടാം ഘട്ട പുന:സംഘടനയെന്ന് ആക്ഷേപം. അതിനാൽ, ഭൂരിപക്ഷം ജീവനക്കാർക്കും പ്രൊമോഷൻ അവസരം നഷ്ടപ്പെടുന്നു. ആറ് ഉന്നത തസ്തികകളിലേക്ക് നടത്തിയ പ്രൊമോഷനിലും സീനിയോറിറ്റി പരിഗണിച്ചില്ല. നേരിട്ട് നിയമനം ലഭിക്കുന്നവർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലാണ് പുന:സംഘടന.

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ജോയിന്റ് കമ്മിഷണർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി. ഒഴിവു വന്ന തസ്തികകളുടെ അധികച്ചുമതല മറ്റ് ആറ് ഉദ്യോഗസ്ഥർക്ക് കൈമാറിയാണ് സംസ്ഥാന നികുതി കമ്മിഷണർ പി.ബി. നൂഹ് ഉത്തരവിറക്കിയത്. ഇരിങ്ങാലക്കുട ഓഡിറ്റ് ഡിവിഷനിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന പി.എസ്.ശിവരാജന്റെ ചുമതല തൃശൂർ ഓഡിറ്റ് ഡിവിഷൻ രണ്ടിലെ ഡെപ്യൂട്ടി കമ്മിഷണർ പി.രതീഷിന് കൈമാറി. സംസ്ഥാന നികുതി കമ്മിഷണറുടെ ഓഫീസിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന എസ്. ലീനയുടെ ചുമതല അതേ ഓഫീസിലെ ഡാറ്റ അനലിറ്റിക്സ് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ എച്ച്.എസ്.ഷാനയ്ക്കാണ് നൽകിയത്.

കോഴിക്കോട് ലോ ഓഫീസറായിരുന്ന ഡെപ്യൂട്ടി കമ്മിഷണർ വി.സരിതയുടെ ചുമതല കോഴിക്കോട് സൗത്ത് ടാക്സ് പേയർ സർവീസസ് ഡിവിഷനിലെ ഡെപ്യൂട്ടി കമ്മിഷണർ ടി.സ്വപ്നയ്ക്ക് കൈമാറി.

സംസ്ഥാന നികുതി കമ്മിഷണറുടെ ഓഫീസിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സി.ആർ.കെ.സുർജിത്തിന്റെ ചുമതല അതേ ഓഫീസിലെ പേഴ്സണൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ സി.ബ്രിജേഷിനാണ് നൽകിയത്. ഡെപ്യൂട്ടി കമ്മിഷണറായിരുന്ന എ.ബി.വീണയുടെ ചുമതല അഡ്വാൻസ് റൂളിംഗ് സെല്ലിലെ ഡെപ്യൂട്ടി കമ്മിഷണർ എസ്.ലെനിനും കണ്ണൂർ ഓഡിറ്റ് ഡിവിഷൻ ഒന്നിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന കെ.പി. ജയരാജിന്റെ ചുമതല കണ്ണൂർ ഇന്റലിജൻസ് വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മിഷണർ സി.എം.സുനിൽ കുമാറിനും കൈമാറി.ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലെ പൊതു സ്ഥലം മാറ്റങ്ങളും ,പുന:ക്രമീകരണങ്ങളും പരിഗണിക്കപ്പെട്ടില്ല.

Read News ⏭️

Back to top button