NEWS

കേരളത്തിലെ എസ്.ഐ.ആർ പരിശോധിക്കണം: എം.വി. ഗോവിന്ദൻ

കൊല്ലം: കേരളത്തിൽ നടപ്പാക്കിയ എസ്.ഐ.ആർ ആഴത്തിൽ പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ആറിലൂടെ 13 കോടി ഇന്ത്യക്കാർക്ക് വോട്ടവകാശം ഇല്ലാതായി. അതുകൊണ്ടാണ് എസ്.ഐ.ആറിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന് കൊൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടത്.

കേരളത്തിൽ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയാണ് യു.ഡി.എഫ് 30 മണ്ഡലങ്ങളിൽ ജയിച്ചത്. ബി.ജെ.പി ജയിച്ച മൂന്നിടങ്ങളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. അതുകൊണ്ട് കേന്ദ്രത്തിനെതിരെ ഒരുവാക്ക് പറയാൻ പോലും യു.ഡി.എഫ് സർക്കാർ തയ്യാറാകുന്നില്ല. പി.എം ശ്രീക്കായി ന്യായീകരണങ്ങൾ കണ്ടെത്തുകയാണ് യു.ഡി.എഫ്.

 പ്രതിപക്ഷത്തെ അപമാനിച്ച് ജയിലിലാക്കുന്നു

കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളെ വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ അപമാനിച്ച് ജയിലിലടയ്ക്കുകയാണ്. എക്സാലോജിക് കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ സാക്ഷികളും തെളിവുകളുമില്ല. ഇതേത്തുടർന്നാണ് ഹവാല ഇടപാടെന്ന ആരോപണം കൊണ്ടുവന്നത്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒത്തുകളിയുണ്ട്. ഇന്ത്യയ്‌ക്ക്‌ മാതൃകയാകും വിധം ഒരുലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി കിഫ്‌ബിക്കുണ്ട്. കേന്ദ്രം ബഡ്‌ജറ്റ്‌ വിഹിതത്തിൽ മാത്രം കേരളത്തിൽ ഒന്നും ചെയ്യാനാവില്ല. കിഫ്ബിയിലൂടെ പശ്‌ചാത്തല സ‍ൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. കിഫ്ബിയെ അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം കേരളത്തിന്റെ വികസനത്തെ തകർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Read News ⏭️

Back to top button