NEWS

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ തീ ആളിപ്പടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കിണറിനുള്ളിൽ തീപടർന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലത്ത്‌ ഇന്നലെ രാവിലെ 11.30യോടെയാണ് സംഭവം ഉണ്ടായത്. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി (രാജേഷ്) എന്നിവർക്കാണ് പൊള്ളലേറ്റത്. തലയ്‌ക്കും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടതു കൈയിലും മുതുകിലും പൊള്ളലേറ്റ സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യം ഉണ്ടോയെന്നാണ് സംശയിക്കുന്നത്.

കല്ലമ്പലം ദേശീയപാതയ്‌ക്കരികിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ അടിഭാഗത്താണ് കിണർ സ്ഥിതിചെയ്യുന്നത്. സുനുവും വിനീതും കിണർ വൃത്തിയാക്കുന്നതിനായെത്തിയവരാണ്. കിണർ വൃത്തിയാക്കുന്നത് കാണാനെത്തയതാണ് ഉണ്ണി. പമ്പ് സെറ്റ് ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിച്ച് കളഞ്ഞിരുന്നു. തുടർന്ന് കിണറിനുള്ളിലേക്കിറങ്ങുന്നതിന് മുൻപ് ഓക്‌സിജൻ പരിശോധനയ്‌ക്കായി മെഴുകുതിരി കത്തിച്ചപ്പോഴാണ് തീപടർന്നത്.

മെഴുകുതിരി ബക്കറ്റിൽ കത്തിച്ച് വച്ചശേഷം കയർകെട്ടി കിണറിനുള്ളിലേക്കിറക്കുകയായിരുന്നു. ഇത് ഏകദേശം കിണറിന്റെ പകുതിഭാഗത്തേക്കെത്തിയപ്പോഴേക്ക് മുകളിലേക്ക് തീ ആളിപ്പടരാൻ തുടങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കിണർ സ്ഥിതിചെയ്യുന്നത് കെട്ടിടത്തിന്റെ ഇടുങ്ങിയ ഭാഗത്തായതിനാൽ ഓടിമാറാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇതാകാം പൊള്ളൽ ഗുരുതരമാക്കിയതെന്നാണ് വിവരം. പെട്രോൾ പമ്പിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന കിണറ്റിൽ ഇന്ധനസാന്നിദ്ധ്യം ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനകൾ നടത്തി വരികയാണ്.

RELATED TOPICS: FIRE IN WELL, PETROL PRESENCE IN WELL, THREE YOUTHS BURNED KALLAMBALAM

Read News ⏭️

Back to top button