NEWS
ട്രംപിന്റെ പേരിലുള്ള വിമാനത്താവളത്തിലേക്ക് ഫോൺ കോൾ; ആശങ്കയോടെ അധികൃതർ, സന്ദേശം പ്രസിഡന്റ് പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ്

ഫ്ലോറിഡ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിലുള്ള ഫ്ലോറിഡയിലെ പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിൽ സംശയാസ്പദമായ ഫോൺ കോളിനെത്തുടർന്ന് സുരക്ഷാ പരിശോധന. മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനത്താവള ടെർമിനലിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു. സംഭവത്തെത്തുടർന്ന് യാത്രക്കാർക്ക് കാലതാമസം നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 1.23ഓടെയാണ് സംശയാസ്പദമായ ഫോൺ കോളിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫിസ് (പിബിഎസ്ഒ) ടെർമിനലിലേക്കുള്ള ഗതാഗതം മന്ദഗതിയിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഫോൺ കോളിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമപാലകരെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Fashion ⏭️




