NEWS
‘റിസർവേഷൻ മുഖമല്ല; ലീഗിനെ വർഗീയ ചാപ്പ കുത്താൻ ശ്രമം; സിപിഎമ്മിന്റെ പതനത്തിൽ വേദന’

മത്സരിച്ച 27 ൽ 22 സീറ്റും നേടി നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മികച്ച വിജയം നേടിയ ശേഷം, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരു പേര് ചരിത്രമായി. സി.ശ്യാംസുന്ദർ. എന്ന ആലപ്പുഴ പല്ലന സ്വദേശി ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടു. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം ഇതര വിഭാഗത്തിൽ നിന്നൊരാൾ ഈ ഉയർന്ന പദവിയിൽ എത്തുന്നത്.മുൻ സിപിഎം നേതാവെന്ന നിലയിലും വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായികളിൽ ഒരാൾ എന്ന നിലയിലും ശ്രദ്ധേയനായ ശ്യാംസുന്ദർ എസ്എഫ്ഐയിലൂടെയാണ് സംഘടനാപ്രവർത്തനം തുടങ്ങിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, കേന്ദ്ര കമ്മിറ്റി അംഗം, കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. മികച്ച പ്രസംഗകൻ എന്നു പേരുകേട്ട ശ്യാംസുന്ദർ സിപിഎമ്മിലെ ഉൾപ്പാർട്ടി ചേരിതിരിവുകൾക്കിടെ 2010 ഫെബ്രുവരി ഒൻപതിന് പാർട്ടി വിട്ട ശേഷം തൊട്ടുപിന്നാലെ മുസ്ലിം ലീഗിൽ ചേരുകയായിരുന്നു.∙ താങ്കളുടെ വാട്സാപ് ഡിപിയിൽ ഗുരുവായൂരപ്പന്റെ ചിത്രമാണ്. ഭക്തനായ താങ്കൾ ലീഗിന്റെ മതനിരപേക്ഷ നിലപാടിനെ ഏങ്ങനെ വിലയിരുത്തുന്നു? 2010 ഫെബ്രുവരിയിൽ ആണ് മുസ്ലിം ലീഗിൽ ചേരുന്നത്. കുറച്ചുദിവസം കഴിഞ്ഞ് ഫെബ്രുവരി 18 നാണ് ആദ്യമായി പാണക്കാട് തറവാട്ടിൽ എത്തുന്നത്. അവിടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അന്നു ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബും ഉണ്ടായിരുന്നു. ഹൈദരലി ശിഹാബ് തങ്ങൾ അന്ന് എന്നോടു പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം തികഞ്ഞ ഭക്തിയോടെ വിശ്വാസിയായി ജീവിക്കണമെന്നാണ്. സൂക്ഷ്മത പാലിക്കണം, ഗ്രാമത്തിലെ ക്ഷേത്രത്തിൽ പതിവായി ദർശനം നടത്തി, വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിച്ച് ചിട്ടയോടും കൃത്യതയോടും കൂടി മുന്നോട്ടുപോകണമെന്നും ഉപദേശിച്ചു. എന്റെ കടന്നുവരവിൽ ഉണ്ടായ പല തെറ്റായ വ്യാഖ്യാനങ്ങൾക്കും അവസാനം വരുത്താനാണ് ഇന്ത്യൻ ഭരണഘടനയും പാർട്ടി ഭരണഘടനയും അംഗീകരിക്കുന്നവർക്ക് ഈ പാർട്ടിയിൽ പ്രവർത്തിക്കാമെന്ന് പത്രക്കാരോട് അന്നു പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി സാഹിബും പറഞ്ഞു. മുസ്ലിം ലീഗിനെ ഇന്നും ചിലർ വർഗീയതയുടെ പേരു പറഞ്ഞ് ആക്ഷേപിക്കുമ്പോൾ എനിക്ക് ആ രംഗമാണ് ഓർമ വരുന്നത്.
Fashion ⏭️




