BUSINESS
40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; 100 കോടി ഡോളറിന്റെ ‘റെക്കോർഡ്’ ഡീൽ, കണ്ണൂർ സർവീസും പരിഗണനയിൽ

മലയാളി ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനി 40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി. പുതിയ എടിആർ 72–600 ടർബോപ്രോപ് വിമാനങ്ങൾക്കുള്ള മെഗാ ഓർഡറാണ് കമ്പനി നൽകിയത്. ഒരു പ്രാദേശിക എയർലൈൻ കമ്പനി ഇത്രയധികം എടിആർ വിമാനങ്ങൾക്ക് ഒരുമിച്ച് ഓർഡർ നൽകുന്നത് ലോകത്ത് ആദ്യം. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ കമ്പനി 2024ലാണ് ഗോവ കേന്ദ്രമായി സർവീസ് ആരംഭിച്ചത്.നിലവിൽ 6 വിമാനങ്ങളാണുള്ളത്. 40 പുതിയ വിമാനങ്ങളടക്കം ഏതാനും വർഷങ്ങൾക്കുള്ളിൽ 60 വിമാനങ്ങളുള്ള കമ്പനിയായി വളരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി ഡോളറിന്റേതാണ് എടിആർ കമ്പനിയുമായുള്ള ഡീൽ. അടുത്ത വർഷം അവസാനത്തോടെ പുത്തൻ വിമാനങ്ങൾ ഓരോന്നായി എത്തിത്തുടങ്ങും. അതുവരെയുള്ള വിപുലീകരണത്തിനായി ഇതിനു പുറമേ 6 മുതൽ 8 വരെ വിമാനങ്ങൾ കൂടി ലീസിനെടുക്കാൻ പദ്ധതിയുണ്ട്. രാജ്യത്തെ ഒട്ടേറെ ടിയർ–2, ടിയർ–3 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് നീക്കം. കേരളത്തിൽ കൊച്ചിക്കു പുറമേ കണ്ണൂരും പരിഗണനയിലുണ്ട്.കമ്പനി തുടങ്ങി വെറും രണ്ടര വർഷത്തിനുള്ളിലാണ് നിർണായക വിപുലീകരണത്തിന് ഒരുങ്ങുന്നത്. ഇതിനകം 15,000 വിമാനസർവീസുകൾ കമ്പനി നടത്തിക്കഴിഞ്ഞു. 6 വിമാനങ്ങൾ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സർവീസുകളാണ് നടത്തുന്നത്. കൊച്ചിക്കും–അഗത്തി (ലക്ഷദ്വീപ്).സർവീസിനു പുറമേ ഹുബ്ബള്ളി, ബെംഗളൂരു (കർണാടക), രാജ്മുണ്ഡ്രി, വിജയവാഡ (ആന്ധ്രപ്രദേശ്), ജൽഗാവ്, പുണെ, സിന്ദുദുർഗ്, സോലാപുർ (മഹാരാഷ്ട്ര), ഹൈദരാബാദ് എന്നിവയടക്കം 12 നഗരങ്ങളെയാണ് നിലവിൽ ബന്ധിപ്പിക്കുന്നത്. അടുത്ത ആഴ്ച തിരുപ്പതിയിലേക്കും സർവീസ് ആരംഭിക്കും. ഗോവ (മനോഹർ വിമാനത്താവളം, മോപ), ഹൈദരാബാദ് എന്നിവയാണ് ഇപ്പോഴത്തെ ഫ്ലൈ91 ബേസുകൾ. നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയാണ് ‘ഫ്ലൈ91’.ഡിജിസിഎയുടെ കണക്കുപ്രകാരം 2026 ജനുവരി മുതൽ ജൂലൈ വരെ മാത്രം 2.97 ലക്ഷം യാത്രക്കാരാണ് ‘ഫ്ലൈ91’ൽ യാത്ര ചെയ്തത്.വിമാനനിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ വാങ്ങിയയുടൻ ലീസിങ് കമ്പനികൾക്ക് വിൽക്കുകയും, അവരിൽ നിന്ന് തിരികെ ലീസിനെടുക്കുകയും ചെയ്യുന്ന ‘സെയിൽ ആൻഡ് ലീസ്ബാക്’ മോഡലാണ് ഫ്ലൈ91 പിന്തുടരുന്നത്. ഫലത്തിൽ വിമാനങ്ങൾ സ്വന്തം ഉടമസ്ഥതയിൽ വയ്ക്കാത്ത ‘അസറ്റ് ലൈറ്റ്’ (Asset light) മോഡലാണ് കമ്പനി പിന്തുടരുന്നത്. നിലവിലുള്ള 6 വിമാനങ്ങൾ ലീസിങ് കമ്പനികളിൽ നിന്ന് നേരിട്ട് ലീസിനെടുത്തതാണെങ്കിൽ അടുത്ത 40 വിമാനങ്ങൾ എടിആർ കമ്പനിയിൽ നിന്ന് വാങ്ങിയശേഷം ലീസിങ് കമ്പനികൾക്ക് ഉടമസ്ഥാവകാശം കൈമാറും.
Travel ⏭️


