NEWS
ആ 11.5 ഏക്കര്‍ അടുത്ത മാസം ഏറ്റെടുക്കും; വിഴിഞ്ഞം തുറമുഖത്തേക്ക് ‘ട്രെയിൻ എത്തുന്നു’

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നു ബാലരാമപുരത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനഘട്ടത്തിലേക്ക്. ബാലരാമപുരം ഭാഗത്തെ 11.5 ഏക്കര്‍ ഭൂമി അടുത്ത മാസത്തോടെ ഏറ്റെടുക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം ഭാഗത്തുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. ഔട്ടര്‍ റിങ് റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ബാലരാമപുരം ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ വൈകിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 10.7 കിലോമീറ്റര്‍ നീളമുള്ള പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. പിപിപി മാതൃകയില്‍ 1482 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. ദക്ഷിണ റെയില്‍വേയും വിസിലും തമ്മിലാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേയ്ക്കാണു നിര്‍മാണ ചുമതല. ജനസാന്ദ്രതയുള്ള മേഖലകളില്‍ വീടുകൾക്കു താഴെ 35 മീറ്റര്‍ വരെ ആഴത്തിലാണു പാത കടന്നുപോകുക.തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്ന 2028 ഡിസംബര്‍ 31നുള്ളില്‍ റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരും തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും തമ്മിലുള്ള കരാര്‍. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിലയില്ല ഉള്ളത്. പദ്ധതിയുടെ ടെന്‍ഡര്‍ രേഖകള്‍ സംബന്ധിച്ച് കൊങ്കണ്‍ റെയില്‍വേയും വിസിലും തമ്മിലുള്ള ധാരണകള്‍ അന്തിമഘട്ടത്തിലേക്ക് എത്താത്തതാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ലോകത്തെ തന്നെ പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായി വളരുന്ന വിഴിഞ്ഞത്തിന്റെ ഭാവിസാധ്യതകള്‍ കൂടി മുന്നില്‍കണ്ടു വേണം നിര്‍മാണം നടത്താനെന്ന നിലപാടിലാണ് വിസില്‍ അധികൃതര്‍. ഇതിനായി കൂടുതല്‍ മെച്ചപ്പെട്ട ഡിസൈന്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളാണ് കൊങ്കണ്‍ റെയില്‍വേയുമായി നടത്തുന്നത്. തുറമുഖത്തിന്റെ ശേഷി വര്‍ധിക്കുന്നതിന് ആനുപാതികമായി ചരക്കുനീക്കം സാധ്യമാകുന്ന തരത്തില്‍ ഭൂഗര്‍ഭ ടണല്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും വിസില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
Fashion ⏭️


