NEWS

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർറിംഗ് റോഡിന് പാരിസ്ഥിതികാനുമതി,​ ഇനി വേണ്ടത് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം

വിഴിഞ്ഞം -നാവായിക്കുളം ഔട്ടർറിംഗ് റോഡ് ( എഐ ചിത്രം)​

തിരുവനന്തപുരം: വിഴിഞ്ഞം – നാവായിക്കുളം ഔട്ടർറിംഗ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇനി കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ പദ്ധതിയുടെ നിർമ്മാണ പ്രവ‌ർത്തനങ്ങൾ തുടങ്ങനാകും. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിൽ ഔട്ടർ റിംഗ് റോഡിന് നിർണായക പങ്ക് വഹിക്കാനാകും.

റോഡിനായി ഭൂമി വിട്ടുനൽകുന്ന ഭൂവുടമകളുടെ നഷ്ടപരിഹാരത്തിനും ഇതോടെ വഴി തെളിയും. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയാണ് പദ്ധതിയിൽ നി‌ർമ്മിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം,​ ദേശീയ പാത ശൃംഖല,​ വ്യവസായ ലോജിസ്റ്റിക്ക് മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തമാകും. 8004.72 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

24 വില്ലേജുകളിൽ കൂടി കടന്നുപോകുന്ന പദ്ധതിക്കായി ഇതുവരെ 11 വില്ലേജുകളിലായി 100 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇനി 13 വില്ലേജുകളിൽ നിന്ന് ഏകദേശം 200 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഔട്ടർ റിംഗ് റോഡിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന വിഹിതമായ 3200 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
RELATED TOPICS: OUTER RING ROAD, VIZHINJAM NAVAIKUKULAM ROAD, ENVIRONMENTAL CLEARANCE, UNION CABINET

Read News ⏭️

Back to top button