NEWS
യുവാവിനെ ബന്ദിയാക്കി, ദിവസങ്ങളോളം പീഡിപ്പിച്ചു; നഗ്നഫോട്ടോ അമ്മയ്ക്ക് അയച്ചു: രണ്ടുപേർ പിടിയിൽ

കോഴിക്കോട് ∙ യുവാവിനെ ബന്ദിയാക്കി വച്ച ശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ.അതുൽ (30) എന്നിവരെ ആണ് ചേവായൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ യുവതി അടക്കമുള്ള മറ്റുള്ളവരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയി കോഴിക്കോട്ട് എത്തിച്ച് ദിവസങ്ങളോളം തടവിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ ഫ്ലാറ്റിൽ താമസിക്കുമ്പോൾ കഴിഞ്ഞ 24 ന് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ സംഘം യുവതിയുടെ പേര് പറഞ്ഞു കാറിൽ തട്ടി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്തു വീട്ടിൽ യുവാവിന്റെ അമ്മയ്ക്ക് അയച്ചതായാണ് പരാതിയിൽ പറയുന്നത്. ശേഷം 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ രഹസ്യ കേന്ദ്രത്തിൽനിന്നു ഈ മാസം നാലിന് രക്ഷപ്പെട്ട യുവാവ് പൊലീസിനു മുന്നിൽ ഹാജരായി പരാതി നൽകുകയായിരുന്നു. ദുബായിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിലെത്തി തിരിച്ചു പോകാനിരിക്കെയാണ് തട്ടിക്കൊണ്ടു പോകൽ ഉണ്ടായത്.പരാതിക്കാരനായ യുവാവിനെതിരെ പൊലീസിൽ മുൻപ് പോക്സോ കേസിൽ പരാതി വന്നിരുന്നു. എന്നാൽ അതിൽ തെളിവു കണ്ടെത്താൻ പൊലീസിന് ആയില്ല. സൈബർ പൊലീസിന്റെ സഹകരണത്തോടെ പുരോഗമിക്കുന്ന അന്വേഷണത്തിൽ മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
Fashion ⏭️


